പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനം; 18 പേർ കൊല്ലപ്പെട്ടു; മൃതദേഹങ്ങൾ കണ്ടെടുത്തത് തൊട്ടടുത്തുള്ള നെൽവയലുകളിൽ നിന്ന്

പടക്കനിർമ്മാണശാലയിൽ വൻ തീപിടുത്തം. 18 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പൊള്ളലേറ്റു. കാക്കിനാഡ ജില്ലയിൽ സമർലകോട്ട മണ്ഡലത്തിലെ വെറ്റ്ലപാലം ഗ്രാമത്തിലാണ് സംഭവം. ഉച്ചയ്ക്ക് 2.45 ഓടെയാണ് സ്ഫോടനമുണ്ടായത്. പടക്ക നിർമാണ യൂണിറ്റിനോട് ചേർന്നുള്ള നെൽവയലുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സ്ഫോടനം നടന്ന സമയത്ത് ഏകദേശം 20 തൊഴിലാളികൾ ജോലികളിൽ ഉണ്ടായിരുന്നതായാണ് കരുതുന്നത്.
മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അഞ്ച് കിലോമീറ്റർ അകലെ വരെ കേൾക്കാവുന്ന വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
പരിക്കേറ്റവരെ കാക്കിനടയിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആഭ്യന്തര മന്ത്രി വൻഗലപുടി അനിത, ജില്ലാ കളക്ടർ എസ്. ഷാൻ മോഹൻ, എസ്പി ശ്രീ ബിന്ദു മാധവ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
വെറ്റ്ലപാലം ഗ്രാമത്തിലെ അഡബല വീരബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് യൂണിറ്റുകൾ. 2027 വരെ പ്രവർത്തിക്കാൻ നിർമാണ യൂണിറ്റിന് ലൈസൻസുണ്ടെന്ന് പൊലീസ് പറയുന്നു.



