കൊന്നിട്ടില്ല, ചത്തതാണോന്ന് നോക്കിയതാ…വനംവകുപ്പിനെ വെല്ലുവിളിച്ച് വെള്ളനാട് ശശി

വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി മുള്ളൻപന്നിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുകൊന്നു. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം അതീവ സംരക്ഷണ വിഭാഗത്തിൽ (ഷെഡ്യൂൾ 1) ഉൾപ്പെടുന്ന ജീവിയാണ് മുള്ളൻപന്നി. ഈ കുറ്റത്തിന് ഏഴ് വർഷം വരെ തടവും 25,000 രൂപയിൽ കുറയാത്ത പിഴയും ശിക്ഷ ലഭിക്കാം.
വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലാണ് മുള്ളൻപന്നി കയറിയത്. തുടർന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചു. എന്നാൽ ഇതേസമയം പ്രദേശത്തെത്തിയ വെള്ളനാട് ശശി, വനംവകുപ്പിനെ വെല്ലുവിളിച്ച് മുള്ളൻ പന്നിയെ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
എന്നാൽ മുള്ളൻപന്നിയെ കൊന്നിട്ടില്ലെന്നും ചത്തിട്ടുണ്ടോ എന്ന് നോക്കിതാണെന്നും വെള്ളനാട് ശശി ഒരു വാർത്ത ചാനലിനോട് പറഞ്ഞു. വണ്ടി കയറി ചത്തുകിടന്ന മുള്ളൻപന്നിയാണത്. അതിന് ജീവനുണ്ടോ എന്ന് നോക്കിയതാണ്. പ്രദേശത്ത് മുഴുവൻ മുള്ളൻപന്നികളുടെ വലിയ ശല്യമുണ്ടെന്നും വീടിനകത്ത് കയറിയ പന്നി ആരെയെങ്കിലും ആക്രമിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പരുത്തിപ്പള്ളി വനം വകുപ്പ് ആർ ആർ ടി റോഷ്നിയുടെ നേതൃത്വത്തിൽ ചത്ത മുള്ളൻ പന്നിയെ വനംവകുപ്പ് വാഹനത്തിലേക്ക് മാറ്റി.പോസ്റ്റുമോർട്ടം നടപടികൾ ഉടൻ ആരംഭിക്കും.



