ഹരിപ്പാട് സ്വദേശിയായ തട്ടിപ്പുകേസ് പ്രതി സ്റ്റേഷന് മുന്നിലൂടെ നടന്നുപോയി; വിവരമറിയിച്ച പരാതിക്കാരിയുടെ നമ്പർ ബ്ലോക്ക് ചെയ്ത് പോലീസ്

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടാൻ വിവരം നൽകിയിട്ടും പോലീസ് ഉദാസീനത കാട്ടിയതായി പരാതി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പ്രതി സ്റ്റേഷന് മുന്നിലൂടെ കടന്നുപോയിട്ടും പിടികൂടാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥൻ, പിന്നീട് പരാതിക്കാരിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
റിസർവ് ബാങ്കിലെത്തിയ 63,000 കോടി രൂപയുടെ ഇറിഡിയം ബിസിനസ് ലാഭം കൈപ്പറ്റാൻ നികുതി അടയ്ക്കാനെന്ന വ്യാജേനയാണ് പണം തട്ടിയത്. ഒരു ലക്ഷം രൂപ നൽകിയാൽ ഒരു കോടി രൂപ തിരികെ നൽകാമെന്നായിരുന്നു വാഗ്ദാനം.
പരാതിക്കാരിക്ക് 30 ലക്ഷം രൂപയും 20 പവൻ സ്വർണ്ണവും നഷ്ടമായി. ജില്ലയിൽ ഇത്തരത്തിൽ 200-ഓളം പേരിൽ നിന്നായി 200 കോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന.
ഹരിപ്പാട് സ്വദേശിയായ പ്രതി കോട്ടയത്തെത്തുമെന്ന വിവരം പരാതിക്കാരി കൃത്യമായി പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ സ്റ്റേഷന് മുന്നിലൂടെ പ്രതി പോയിട്ടും പോലീസ് അനങ്ങിയില്ല. വീഴ്ച ചോദ്യം ചെയ്ത മുതിർന്ന ഉദ്യോഗസ്ഥൻ പോലീസുകാരനെ ശാസിച്ചതോടെയാണ് ഇയാൾ പരാതിക്കാരിയുടെ നമ്പർ ബ്ലോക്ക് ചെയ്തത്.
ഫെബ്രുവരി 20-ന് മാറ്റിവെച്ച ഒത്തുതീർപ്പുചർച്ചകൾക്കായി പ്രതി ശനിയാഴ്ച വീണ്ടും കോട്ടയത്ത് കഞ്ഞിക്കുഴിയിലെത്തും. എന്നാൽ പ്രതിയെ പിടികൂടാൻ ആരോടു പറയുമെന്നറിയാത്ത അവസ്ഥയിലാണ് പരാതിക്കാരി. ശനിയാഴ്ച വരുമ്പോഴെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്താൽ തനിക്ക് നീതി ലഭിക്കുമെന്ന് ഇവർ പറയുന്നു.



