റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിക്ക് തുടക്കമായി

മാവേലിക്കര- റോഡ് സുരക്ഷ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം എന്ന പ്രഖ്യാപിത സർക്കാർ നയത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകളിൽ റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിക്ക് തുടക്കമായി. മോട്ടോർ വാഹന വകുപ്പും വിദ്യാഭ്യാസ വകുപ്പ് സംയുക്തമായി പങ്കാളികളാകുന്ന ഈ പദ്ധതി വിദ്യാർത്ഥികൾക്കിടയിൽ പുതിയ ഒരു റോഡ് സംസ്കാരം രൂപപ്പെടുത്തുവാൻ ഉതകുന്നതാണ്. നവ വീഥി, നവ സംസ്കാരം, നവകേരളം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോഡ് സേഫ്റ്റി കേഡറ്റിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം നിയമസഭാ കവാടത്തിന് മുന്നിൽ ഗതാഗത മന്ത്രി ഗണേഷ് കുമാറും വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും ചേർന്ന് നിർവഹിച്ചു. മാവേലിക്കര കട്ടച്ചിറ ജോൺ എഫ് കെന്നഡി സ്കൂളിലെ 30 വിദ്യാർഥികൾ അടങ്ങുന്ന ആദ്യ ബാച്ച് മന്ത്രിമാർക്ക് ഗാർഡ് ഓഫ് ഓണർ നൽകി. ഇരു മന്ത്രിമാരും ചേർന്ന് കേഡറ്റുകൾക്ക് സല്യൂട്ട് നൽകി. ചടങ്ങിൽ കേഡറ്റ്കൾക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് ആയി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രഖ്യാപിച്ചു. ചടങ്ങിൽ ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലo പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ്, അസിസ്റ്റൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, എം.എൽ.എമാരായ അരുൺകുമാർ, യു.പ്രതിഭ എന്നിവർ പങ്കെടുത്തു. ജോൺ എഫ് കെന്നഡി സ്കൂൾ ഹെഡ്മിസ്ട്രസ് മായ.കെ.പി നന്ദി പറഞ്ഞു.



