റാപ്പര്‍ വേടനും നവമിലതയും വിവാഹിതരായി

റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. തൃശ്ശൂരില്‍ ലളിതമായി നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

മുളങ്കുന്നത്തുകാവിലെ വേടന്റെ പേള്‍ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്‌ട്രേഷന്‍. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാര്‍ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്. സഹോദരന്‍ ഹരി, ഭാര്യ സഹോദരന്‍ നവീന്‍, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാര്‍ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്.

നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമാണ് വേടന്‍ ധരിച്ചത്. തൃശ്ശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയാണ് വേടന്‍. മലപ്പുറം മഞ്ചേരിയാണ് നവമിയുടെ വീട്. നവമിലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പൊതുപരിപാടികള്‍ക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്.

മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ വേടനൊപ്പം നവമി ലതയുമുണ്ടായിരുന്നു. അന്ന് വേടനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ‘പൊണ്ടാട്ടി’ എന്നാണ് നവമി ലത കുറിച്ചത്.

Related Articles

Back to top button