ഹെൽമറ്റ് ഇല്ല, മഴ പെയ്യുന്നു, മകനെ ബൈക്കിന് പിന്നിൽ നിർത്തി ബൈക്ക് ഓടിക്കുന്ന അച്ഛൻ; സോഷ്യൽമീഡിയിൽ വിമർശനം

വാഹന സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ പലതാണ്. റോഡിലൂടെ നമ്മൾ എത്ര ശ്രദ്ധിച്ച് ഓടിച്ചാലും എതിരെ വരുന്നവരുടെ അശ്രദ്ധ മൂലം പോലും അപകടം സംഭവിക്കാം. കാറുകൾക്ക് എയർ ബാഗുകൾ അടക്കമുള്ള സുരക്ഷാ സംവിധനങ്ങളുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങൾക്ക് അത്തരം സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ മുംബൈയിലെ റോഡിലൂടെ മഴയത്ത് ഹെൽമറ്റ് പോലുമില്ലാതെ മകനെ ബൈക്കിന് പിന്നിൽ നിർത്തി ബൈക്ക് ഓടിക്കുന്ന അച്ഛന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നലെ സമൂഹ മാധ്യമ ഉപഭോക്താക്കളിൽ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്.
മുംബൈയിലെ തിരക്കേറിയ ബാന്ദ്രാ വറോളി സീലിങ്ക് റോഡിലാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നാലോ അഞ്ചോ വയസായ ഒരു കുട്ടിയാണ് ബൈക്കിന് പിന്നിൽ നിൽക്കുന്നത്. അവൻ ഹെമറ്റോ മറ്റ് സുരക്ഷാ ഉപകരണങ്ങളോ ധരിച്ചിട്ടില്ല. ചെറിയൊരു മഴ ചാറ്റലുണ്ട്. കുട്ടി, അച്ഛന്‍റെ കോളറിൽ പിടിച്ചാണ് ബൈക്കിന് പിന്നിൽ നിൽക്കുന്നത്. കുട്ടി ബൈക്ക് യാത്ര ആസ്വദിച്ചാണ് പിന്നിൽ നിൽക്കുന്നത്. അച്ഛനാകട്ടെ മറ്റൊന്നും ആലോചിക്കാതെ വാഹനം ഓടിക്കുന്നതും വീഡിയോയിൽ കാണാം. മഴ പെയ്യുന്നത് അപകട സാധ്യത കൂട്ടുന്നു. റോഡിൽ അത്യാവശ്യം തിരക്കുമുണ്ട്. ബൈക്കിന് പിന്നിലുണ്ടായിരുന്ന കാറിൽ നിന്നാണ് വീഡിയോ പകർത്തിയത്.
ഒന്ന് ബ്രേക്ക് ചവിട്ടിയാലോ കുട്ടിയുടെ കാലൊന്ന് തെന്നിയാലോ കുട്ടിക്ക് വലിയ അപകടം സംഭവിക്കും. ഇത്തരം കാര്യങ്ങൾ ഇന്ത്യയിൽ സാധാരണമാണ്. സ്കൂട്ടർ, ബൈക്ക് അപകടങ്ങൾ രാജ്യത്ത് 40 ശതമാനമാണ്. അതായത് വർഷം 1,50,000 -ത്തിന് മേലെ. ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്രവാഹന അപകടങ്ങൾ 30 ശതമാനത്തോളമാണ് മരണ സാധ്യതയെന്നും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചിരിക്കുന്നു. വീഡിയോ വൈറലായതിന് ശേഷം രൂക്ഷമായ വിമർശനങ്ങളാണ് വിവിധ സമൂഹ മാധ്യമ ഉപഭോക്താക്കൾ കുറിച്ചത്.



