കെഎസ്ആർടിസി യാത്രക്കാരുടെ പ്രിയപ്പെട്ട ചലോ കാർഡിലും കൈയിട്ടുവാരി;ആലപ്പുഴ ഡിപ്പോയിൽ ജീവനക്കാർക്ക് കിട്ടേണ്ട കമ്മീഷൻ സ്വന്തം കീശയിലാക്കി

ആലപ്പുഴ: ആലപ്പുഴ ഡിപ്പോയിൽ ചലോ ട്രാവൽ കാർഡ് വിതരണവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായി പരാതി. കാർഡ് വിൽപ്പനയിലൂടെ ജീവനക്കാർക്ക് ലഭിക്കേണ്ട കമ്മീഷൻ തുക ഉദ്യോഗസ്ഥൻ തട്ടിയെടുത്തു എന്ന ആരോപണത്തിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി ഉടൻ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനുള്ള തയ്യാറെടുപ്പിലാണ് വിജിലൻസ് വിഭാഗം. മൂന്നു ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഒരുദ്യോഗസ്ഥൻ ചലോ കാർഡ് വിൽപ്പന നടത്തിയെന്നും അതിന്റെ കമ്മിഷൻ ഇയാൾ തട്ടിയെടുത്തെന്നുമാണ് പരാതി.

കെ.എസ്.ആർ.ടി.സി.യിൽ യാത്ര ചെയ്യുന്നതിന് പണം കൈയിൽ കരുതാതെ റീച്ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന കാർഡാണ് ചലോ. കാർഡ് എത്തിയത് സ്ഥിരം യാത്രക്കാർക്ക് ഏറെ പ്രയോജനമായിരുന്നു. ബസുകളിലെ ചില്ലറ പ്രശ്‌നങ്ങൾക്കും ഇതോടെ പരിഹാരമായി. കാർഡ് ഹിറ്റായതോടെ ആവശ്യക്കാരും ഏറി. ഇതോടെ ആലപ്പുഴ ഡിപ്പോയിൽ ആയിരക്കണക്കിനു കാർഡുകൾ എത്തി.

ഇതു വിൽക്കാൻ കണ്ടക്ടർമാർക്കും മറ്റു ജീവനക്കാർക്കും നിശ്ചിത തുക കമ്മിഷൻ നിശ്ചയിച്ചിരുന്നു. എന്നാൽ, കാർഡുകളുടെ വിൽപ്പന ഉദ്യോഗസ്ഥൻ തന്റെ ഇഷ്ടക്കാർക്കു മാത്രം നൽകി, കമ്മിഷൻ കൈക്കലാക്കിയെന്നാണ് പരാതി ഉയർന്നത്. 100 രൂപയാണ് കാർഡിന്റെ വില.

കഴിഞ്ഞ ദിവസം ആലപ്പുഴ ഡിപ്പോയിൽ രണ്ടു ജീവനക്കാർ തമ്മിലെ തർക്കവും വാക്കേറ്റവും കൈയാങ്കളിയിൽ എത്തിയിരുന്നു. ഈ സംഭവത്തിനുശേഷമാണ് ഡിപ്പോ കേന്ദ്രീകരിച്ചു നടന്ന അഴിമതിയുടെ വിവരങ്ങൾ പുറത്തുവന്നുതുടങ്ങിയത്. ഒരു തീർഥാടനകേന്ദ്രത്തിന്റെ പരസ്യം ബസുകളിൽ പതിപ്പിക്കുന്നതിനായി കമ്മിഷൻ വാങ്ങിയെന്ന പരാതിയും നേരത്തേ ഉയർന്നിരുന്നു. ഈ പരാതിയിൽ അന്വേഷണം നടന്നെങ്കിലും തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ, ചലോ കാർഡ് കമ്മിഷൻ ഇടപാടിൽ വിജിലൻസിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ആലപ്പുഴ ഡിപ്പോയിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കമ്മിഷൻ തർക്കമാണ് കഴിഞ്ഞദിവസത്തെ കൈയാങ്കളിയുടെ തുടക്കം. ഈ വിഷയത്തിലും വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ജീവനക്കാർ തമ്മിൽ അടിപിടിയുണ്ടായതു സംബന്ധിച്ച് യൂണിറ്റ് മേധാവി പോലിസിൽ പരാതി നൽകിയിരുന്നു. കൂടാതെ, സി.എം.ഡി.ക്കും റിപ്പോർട്ട് നൽകിയിരുന്നു. ഈ വിഷയത്തിൽ അടിയന്തര അച്ചടക്കനടപടി എടുക്കാൻ സാധ്യതയുണ്ട്.

Related Articles

Back to top button