വായനശാല സെക്രട്ടറിക്ക് ക്രൂരമർദ്ദനം.. വായനശാലയ്ക്ക് മുന്നിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തി

മനിശ്ശീരിയിൽ വായനശാല സെക്രട്ടറിയും സി.പി.എം. പ്രാദേശിക നേതാവുമായ യുവാവിന് നേരെ ക്രൂരമായ ആക്രമണം. നാടകപ്രവർത്തകൻ കൂടിയായ ആച്ചത്തുപടി സ്വദേശി ജിനേഷിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച അർധരാത്രിയോടെ പാലക്കാട്-കുളപ്പുള്ളി പാതയിൽ മനിശ്ശീരി വായനശാലയ്ക്ക് സമീപമാണ് ഇയാളെ കണ്ടെത്തിയത്.
വാഹനത്തിലിരുന്ന് സഹായത്തിനായി കൈവീശിക്കാണിച്ച ജിനേഷിനെ യാത്രക്കാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ വാണിയംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആദ്യം വാഹനാപകടമാണെന്ന് കരുതിയെങ്കിലും പോലീസിന്റെ വിശദമായ പരിശോധനയിൽ ആക്രമണമാണെന്ന സംശയം ബലപ്പെട്ടു. വായനശാലയ്ക്ക് മുന്നിൽ രക്തം തളംകെട്ടിക്കിടക്കുന്ന നിലയിലാണ്. മർദ്ദനത്തിന്റെ ആഘാതത്തിൽ ജിനേഷിന്റെ പല്ലുകൾ കൊഴിഞ്ഞുപോയിട്ടുണ്ട്. വായനശാലയ്ക്കുള്ളിലും രക്തക്കറകളും കല്ലുകളും കണ്ടെത്തി. തെളിവ് നശിപ്പിക്കാനായി രക്തം കിടന്നിരുന്ന ഭാഗത്ത് മുളകുപൊടി വിതറിയ നിലയിലാണ്. ജിനേഷിന്റെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടിട്ടുണ്ട്.
ഷൊർണൂർ ഡിവൈ.എസ്.പി. സാജു എബ്രഹാമിന്റെ മേൽനോട്ടത്തിൽ ഒറ്റപ്പാലം ഇൻസ്പെക്ടർ അജീഷിനാണ് അന്വേഷണ ചുമതല. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.



