ഫിസിക്സ് വലച്ചു, കെമിസ്ട്രിയും ബയോളോജിയും ശരാശരിയെന്ന് വിദ്യാർത്ഥികൾ; നീറ്റ് പുനപരീക്ഷ വിജയകരമെന്ന് എൻടിഎ

നീറ്റ് യുജി പുനപരീക്ഷ വിജയകരമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി കേന്ദ്ര – സംസ്ഥാന ഏജൻസികൾ സംയുക്തമായി നടത്തിയ പ്രവർത്തനത്തിന് എൻടിഎ നന്ദി അറിയിച്ചു. കർശന സുരക്ഷയിൽ നീറ്റ് പുനപരീക്ഷ പൂർത്തിയായതിന് പിന്നാലെയാണ് എൻടിഎയുടെ പ്രതികരണം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ പരീക്ഷ അഞ്ചേകാലിനാണ് പൂർത്തിയായത്. രാജ്യത്തെ 551 ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായി 5,454 ലേറെ പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.




