2 ലക്ഷം കോടി രൂപ വരവ് ചിലവുള്ള ട്രഷറിയിൽ ജീവിക്കാൻ പ്രതിപക്ഷ നേതാവിന്‍റെ പൂച്ചകൾക്ക് ഭാഗ്യമുണ്ടായി; കെഎന്‍ ബാലഗോപാൽ

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം വസ്തുത വിരുദ്ധമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രതിപക്ഷ നേതാവിന്റെ പൂച്ചകള്‍ ഏതായാലും ഭാഗ്യം ചെയ്തവരാണെന്നും ,രണ്ട് ലക്ഷം കോടി രൂപ വരവ് ചിലവുള്ള ട്രഷറിയില്‍ ജീവിക്കാനുള്ള ഭാഗ്യം പൂച്ചകൾക്ക് കിട്ടിയല്ലോയെന്നും കെ എന്‍ ബാലഗോപാല്‍ പരിഹസിച്ചു. പ്രതിപക്ഷ നേതാവിന്റേത് വസ്തുത വിരുദ്ധമായ അഭിപ്രായങ്ങളാണ്. നുണ പറയുന്നതില്‍ ഒരു നൊബേല്‍ സമ്മാനമുണ്ടെങ്കില്‍ അത് വി ഡി സതീശന് നല്‍കണമെന്നും ബാലഗോപാല്‍ പ്രതികരിച്ചു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.

 എല്ലാ വകുപ്പുകളെ സംബന്ധിച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ ദിവസേന അദ്ദേഹം പറയുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പറയുന്നത് ധനകാര്യ വകുപ്പിനെ കുറിച്ചാണ്. കേരളത്തിന്റെ ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണ് എന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം പ്രയോഗം. കേരളത്തില്‍ ഒന്നിനും പണമില്ലത്രെ. ഇത് സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ കള്ളി പൊളിയും എന്നതുകൊണ്ട് ഇത്തവണ ബജറ്റ് സെഷന്‍ തന്നെ ബഹിഷ്‌കരിച്ച് ഒളിച്ചോടിയ കൂട്ടരാണ് യുഡിഎഫ്. നിയമസഭയില്‍ പറയാതെ നാട്ടില്‍ മൈക്ക് വച്ച് നുണ പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കാം എന്നാണ് അദ്ദേഹം കരുതുന്നത്. ഒരു നുണ പലയാവര്‍ത്തി പറഞ്ഞാല്‍ സത്യമാക്കാം എന്ന ഹിറ്റ്‌ലറുടെ പ്രചരണ വിഭാഗം തലവന്‍ ഗീബല്‍സിന്റെ തന്ത്രമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

 പ്രതിപക്ഷ നേതാവിനോട് ആദ്യം പറയാനുള്ള കാര്യം സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഖജനാവില്‍ നിന്ന് ചെലവഴിച്ച പണം ഈ സാമ്പത്തിക വര്‍ഷം 2 ലക്ഷം കോടി രൂപ കടക്കാന്‍ പോകുന്നു എന്നതാണ്. അതായത് 2025- 26 സാമ്പത്തിക വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ ആകെ ചിലവ് രണ്ട് ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ആയിരിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ശരാശരി 70,000 കോടി രൂപയും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ശരാശരി 1.15 ലക്ഷം കോടി രൂപയും ചിലവഴിച്ചിരുന്നിടത്ത് ഈ സര്‍ക്കാരിന്റെ ശരാശരി വാര്‍ഷിക ചിലവ് 1.72 ലക്ഷം കോടി രൂപയാണ്. ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ മാത്രം ഈ സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിച്ചത് 50,000 കോടി രൂപയാണ്. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും ഇത് 54,000 കോടി രൂപയെങ്കിലും ആകും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 10,700 കോടി രൂപ നല്‍കിയ സ്ഥാനത്താണിതെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

 കേന്ദ്രം സര്‍വ്വവിധത്തിലും കേരളത്തിനര്‍ഹമായ വിഹിതങ്ങള്‍ നിഷേധിക്കുമ്പോഴും നമ്മുടെ തനത് വരുമാനം വര്‍ദ്ധിപ്പിച്ചാണ് നാം പിടിച്ചുനില്‍ക്കുന്നത്. ചിലവുകള്‍ വെട്ടിക്കുറക്കാനല്ല, ചിലവുകള്‍ക്ക് അനുസരിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനാണ് കേരളം ശ്രമിച്ചതെന്നും ധനമന്ത്രി പറഞ്ഞു. നമ്മുടെ കടമാകട്ടെ കുറയുകയും ചെയ്തു. ആകെ ജി.എസ്.ഡി.പിയുടെ 39 ശതമാനം വരെയുണ്ടായിരുന്ന സംസ്ഥാനത്തിന്റെ കടം ഇപ്പോള്‍ 34 ശതമാനത്തിന് താഴേക്ക് എത്തിയിരിക്കുന്നു. ഇതൊന്നും പ്രതിപക്ഷ നേതാവിന് അറിയാത്തതല്ല. യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞാല്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിനെ പ്രകീര്‍ത്തിക്കേണ്ടി വരും എന്നതുകൊണ്ട് നുണയുടെ പുകമറ ഉണ്ടാക്കുന്നതാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button