റോഡരികിലൂടെ നടന്നുപോയ വയോധികന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, ഗുരുതര പരിക്ക്; ചികിത്സയിലിരിക്കെ മരണം

വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. വളാഞ്ചേരി ടൗണിൽ വെച്ച് സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റതിനെ പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുക്കിലപീടിക സ്വദേശി ശശിയാണ് മരിച്ചത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ ഇദ്ദേഹത്തിന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു.
വളാഞ്ചേരി-കോഴിക്കോട് റോഡിൽ ബുധനാഴ്ച്ച വൈകുന്നേരം 6:45-ഓടെ ആയിരുന്നു അപകടം. പുത്തനത്താണി ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസ് ആണ് റോഡിലൂടെ നടന്നുപോയ ശശിയുടെ കാലിലൂടെ കയറിയിറങ്ങിയത്. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് അപകടം നടന്ന ഉടനെ നാട്ടുകാർ ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പരിക്ക് അതീവ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷെ ഇതിന് മുന്നേ തന്നെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു, വിശാൽ, വിനേഷ്. അച്ഛൻ: കൃഷ്ണൻ. അമ്മ: പാറുക്കുട്ടി.



