‘ആ മഹാ പ്രളയകാലത്തെ കൈക്കുഞ്ഞ്…’ മിത്രയെ ചേര്‍ത്തുപിടിച്ച് വീണാ ജോര്‍ജ്

ആ മഹാ പ്രളയ കാലത്തെ കൈക്കുഞ്ഞ്… 2018 ലെ പ്രളയ സമയത്തെ രക്ഷാ പ്രവർത്തനങ്ങൾക്കിടെ ചേർത്തുപിടിച്ച കൈക്കുഞ്ഞ്, മിത്രയെ വീണ്ടും കണ്ടുമുട്ടി മന്ത്രി വീണാ ജോർജ്. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഭാഗമാകാനെത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച.
2018ലെ പ്രളയ സമയത്ത് മിത്ര മന്ത്രിയുടെ കൈകളിൽ എത്തുമ്പോൾ എട്ട് ദിവസം മാത്രം ആയിരുന്നു പ്രായം. അന്ന് ആറന്മുള എംഎൽഎയായിരുന്നു വീണാ ജോർജ്. പിഞ്ചുകുഞ്ഞിനെയും മാറോടണച്ച് നിൽകുന്ന വീണാ ജോർജിന്റെ ചിത്രം അക്കാലത്ത് വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതേ കുഞ്ഞിനെ വീണ്ടും കണ്ടുമുട്ടിയ സന്തോഷമാണ് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചത്.
എൽഡിഎഫ് ജാഥ ആറാട്ട്പുഴയിൽ എത്തിയപ്പോഴാണ് മന്ത്രിയെ കാണാനായി മിത്ര അമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം എത്തിയത്. മിത്രയുടെ ആദ്യ സ്‌കൂൾ പ്രവേശന ദിവസം അപ്രതീക്ഷിതമായി പ്രവേശനോത്സവത്തിനു എത്താൻ സാധിച്ച കാര്യവും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചു.
പോസ്റ്റ് പൂർണരൂപം-
2018ലെ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ കൈകളിലെത്തിയ കൈക്കുഞ്ഞ്, മിത്ര. എൽ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ നടക്കുമ്പോൾ ഇന്നലെ ആറാട്ട്പുഴയിൽ അവർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു- മിത്രമോളും അമ്മയും ചേച്ചിക്കുട്ടിയും .
മിത്രക്കുട്ടി സ്‌കൂളിൽ ആദ്യമായി പഠിക്കാൻ എത്തുന്ന ദിവസം അതറിയാതെ തന്നെ സ്‌കൂളിലെ പ്രവേശനോത്സവത്തിനു പോയത് എനിക്ക് വിസ്മയമായിരുന്നു ഇടക്കുള്ള കൂടിക്കാഴ്ചകളും ചെറിയ വിസ്മയങ്ങളും ഒക്കെയായി ആ കുടുംബവുമായുള്ള ബന്ധം ഏറെ സന്തോഷം നൽകുന്നതാണ്



