അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച; സ്വർണ്ണവും പണവും കവർന്നു

വീട്ടുകാർ ബെംഗളൂരുവിലേക്ക് പോയ സമയത്ത് താമരശ്ശേരി കാരാടിയിൽ വൻ മോഷണം. കാരാടി-വരട്ട്യാക്കിൽ സംസ്ഥാന പാതയോരത്തെ ‘കുറ്റിപ്പടി’ പ്രഭാകരൻ നമ്പ്യാരുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്ന് പവൻ സ്വർണ്ണാഭരണങ്ങളും അയ്യായിരം രൂപയും നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 4-നാണ് പ്രഭാകരൻ നമ്പ്യാരും ഭാര്യയും ബെംഗളൂരുവിലെ ബന്ധുവീട്ടിലേക്ക് പോയത്. ഇന്നലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് പിൻവാതിൽ തകർത്ത നിലയിൽ ആദ്യം കണ്ടത്.
വീടിനുള്ളിലെ സാധനസാമഗ്രികളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വിവരം ലഭിച്ചതിനെത്തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. വീട്ടുകാർ നാളെ തിരിച്ചെത്തിയ ശേഷം മാത്രമേ കൃത്യമായി എത്രത്തോളം നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

