സുപ്രധാന പ്രഖ്യാപനം; തിരുവനന്തപുരം വിമാനത്താവളത്തിൽ ഭിന്നശേഷിക്കാരായ യാത്രക്കാർക്കായി…

ഭിന്നശേഷിക്കാരായ യാത്രക്കാരെ പ്രത്യേകമായി സഹായിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ സൺഫ്ലവർ പദ്ധതി ആരംഭിച്ചു. ദുബായ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഹിഡൻ ഡിസബിലിറ്റീസ് സൺഫ്ലവർ പദ്ധതി കേരളത്തിലെ വിമാനത്താവളങ്ങളിൽ ആദ്യമായി നടപ്പിലാകുകയാണ്.
ഭിന്നശേഷി സൗഹൃദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൺഫ്ലവർ പദ്ധതി നടപ്പാക്കുന്നതെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതർ അറിയിച്ചു. ഓട്ടിസം ഉൾപ്പെടെയുള്ള അദൃശ്യമായ ഭിന്നശേഷിയുള്ളവർക്ക് വിമാനത്താവളത്തിലെ വിവിധ സേവനങ്ങളിൽ പ്രത്യേക സഹായങ്ങൾ ലഭിക്കും.
ഇതിനായി ജീവനക്കാർക്ക് വിദഗ്ദ്ധ പരിശീലനം നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് ഇൻഫർമേഷൻ കൗണ്ടറിൽ നിന്ന് കഴുത്തിൽ അണിയാനുള്ള സൗജന്യ സൺഫ്ലവർ ലാൻയാർഡ് ലഭ്യമാകും. ഇത് പദ്ധതി നടപ്പാക്കിയ മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള യാത്രകളിലും ഉപയോഗിക്കാം.


