12 കോടിയുടെ വസ്തു തട്ടിയതിന് ഒത്താശ ചെയ്ത് വനിതാ സബ് രജിസ്ട്രാർ ഒടുവിൽ അഴിക്കുള്ളിൽ …

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലവരുന്ന ഭൂമിയും, വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത് മറിച്ചുവിൽക്കാൻ ഒത്താശചെയ്ത വനിത സബ് രജിസ്ട്രാർ കള്ളിക്കാട് സ്വദേശി കെ.ലക്ഷ്മി പ്രതിഫലമായി വാങ്ങിയത് 10 ലക്ഷവും, 10 മൊബൈൽ ഫോണുകളും. ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാട്ടിയും ഭൂമി തട്ടിയെടുക്കാൻ ആധാരമെഴുത്തുകാരൻ ഉൾപ്പെട്ട സംഘത്തിന് കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ലക്ഷ്മിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ ആധാരമെഴുത്തുകാരനും, മുൻ ഡി.സി.സി അംഗവുമായ അനന്തപുരി മണികണ്ഠൻ, വ്യവസായി അനിൽതമ്പി എന്നിവരടക്കം 8 പേർ നേരത്തെ അറസ്റ്റിലായിരുന്നു.ഡോറ അസറിയ ക്രിപ്സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ജവഹർനഗറിലെ 14.5 സെന്റ് സ്ഥലവും 6,000 ചതുരശ്രയടി വിസ്തീർണമുള്ള 10 മുറികളുള്ള വീടുമാണ് തട്ടിയെടുത്തത്. അനിൽ തമ്പിക്കുവേണ്ടി ആൾമാറാട്ടത്തിലൂടെ വ്യാജ ഇഷ്ടദാന കരാർ ഉൾപ്പെടെ തയ്യാറാക്കിയത് മണികണ്ഠനാണ്. അനിൽ തമ്പി വിഴിഞ്ഞത്തു വസ്തുവാങ്ങാൻ ശ്രമിക്കുന്നത് സുഹൃത്തിൽ നിന്നു മനസിലാക്കിയ മണികണ്ഠൻ, ജവഹർ നഗറിലെ വസ്തു രണ്ടുകോടി രൂപയ്ക്ക് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്.
തുടർന്ന് ഡോറയുടേയും, ചെറുമകളുടേയും രൂപസാദൃശ്യമുള്ളവരെ കണ്ടെത്തി ആൾമാറാട്ടത്തിലൂടെ പ്രമാണം ചെയ്തു നൽകുകയായിരുന്നു. ഡോറ എന്നപേരിൽ വട്ടപ്പാറ സ്വദേശി വസന്തയെയും, ചെറുമകൾ എന്നപേരിൽ പുനലൂർ സ്വദേശി മെറിനെയും ഹാജരാക്കി. ഡോറയുമായി രൂപസാദൃശ്യമുള്ള വസന്തയെ ഹാജരാക്കി ചെറുമകൾ മെറിനു ഭൂമി ഇഷ്ടദാനം ചെയ്തുവെന്ന രേഖയുണ്ടാക്കി. തുടർന്ന് ഇത് അനിൽ തമ്പിയുടെ ബന്ധുവിന് വിറ്റതായി രേഖയുണ്ടാക്കി പ്രമാണം രജിസ്റ്റർ ചെയ്യുകയായിരുന്നു. വ്യാജരേഖകൾ ചമയ്ക്കാനും ആൾമാറാട്ടം നടത്താനും ആധാരമെഴുത്തുകാരൻ മണികണ്ഠൻ അനിൽതമ്പിയിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടിയാണ്. 40 ലക്ഷം രൂപ അഡ്വാൻഡ് കൈപ്പറ്റിയാണ് പ്രാഥമിക നടപടികൾ ചെയ്തത്.
വീടും സ്ഥലവും ഡോറയുടെ വളര്‍ത്തു മകളെന്ന വ്യാജേന മെറിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തായിരുന്നു തട്ടിപ്പ്. വസ്തുവിന്റെ മേല്‍നോട്ടത്തിനു ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയര്‍ടേക്കര്‍ കരം അടക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പിന്നാലെയാണ് പരാതി നൽകിയത്.മെറിനെയും, വസന്തയെയും ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുള്ള പ്രതികളിലേക്ക് എത്തുകയായിരുന്നു . അമേരിക്കയിലുള്ള ഡോറ അറിയാതെ വീടും സ്ഥലവും കഴിഞ്ഞ വർഷം ജനുവരിയിലാണ് റജിസ്ട്രേഷന് നടത്തിയത്. ഡോറയോട് രൂപസാദൃശ്യമുള്ള വസന്തയെന്ന സ്ത്രീയെ കണ്ടെത്തിയാണ് സംഘം തട്ടിപ്പു നടത്തിയത്. ശാസ്തമംഗലം റജിസ്ട്രാര്‍ ഓഫീസിൽ ഡോറയെന്ന പേരില്‍ എത്തി പ്രമാണ റജിസ്ട്രേഷന് നടത്തി മെറിൻ എന്ന ഇടനിലക്കാരിയായ യുവതിക്ക് വസ്തു കൈമാറിയതും വസന്തയാണ്. റജിസ്റ്റര്‍ ചെയ്തു കിട്ടിയ വസ്തു ജനുവരിയില്‍ തന്നെ ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനന് എന്നയാള്‍ക്ക് മെറിന് വിലയാധാരം എഴുതി കൊടുത്തിരുന്നു.
തട്ടിപ്പിനായി മെറിന്റെ ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ആധാര്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിന് പിടിയിലായത്. മ്യൂസിയം പോലീസ് വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ്, എന്നിവ കണ്ടെത്തുകയും റജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്താല്‍ വിരലടയാളങ്ങള്‍ പരിശോധിച്ച് പ്രതികളിലേക്ക് എത്തുകയായിരുന്നു. വ്യാജ പ്രമാണത്തിൽ ഒപ്പിട്ടവരിൽ അനിൽ തമ്പി ഒഴികെ മൂന്നുപേരും ആൾമാറാട്ടം നടത്തിയവരാണെന്ന് പോലീസ് കണ്ടെത്തി. ഇക്കാര്യം മറ്റാരും മനസിലാക്കാതിരിക്കാൻ രജിസ്ട്രാർ ഓഫീസിന് പുറത്തുവച്ചാണ് പ്രമാണത്തിന്റെ രജിസ്ട്രേഷൻ നടത്തിയത്. രജിസ്ട്രേഷന് മുമ്പും ശേഷവും ലക്ഷ്മിയും മണികണ്ഠനും തമ്മിൽ നിരന്തരം ഫോൺ സംഭാഷണം നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.



