ആശുപത്രിയിലെ എൻഐസിയുവിലുണ്ടായ തീപിടിത്തത്തിൽ ​ഗുരുതരമായി പൊള്ളലേറ്റു; നവജാത ശിശുവിന്

ആശുപത്രിയിലെ എൻഐസിയുവിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ​കാൺപൂരിലാണ് സ്വകാര്യ നഴ്സിങ് ഹോമിൽ നവജാത ശിശുവിന് ​ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ആശുപത്രി അധികൃതരുടെ ഭാ​ഗത്തുനിന്നും ​ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി പെൺകുഞ്ഞിന്റെ കുടുംബം.

ബിതൂരിലെ രാജാ നഴ്സിങ് ഹോമിലെ നവജാത ശിശുക്കൾക്കായുള്ള തീവ്ര പരിചരണ വിഭാ​ഗത്തിലാണ് തീപിടിത്തമുണ്ടായത്. വാമർ മെഷീനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നി​ഗമനം. തീപിടിത്തത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ പെൺകുഞ്ഞിന് ജീവൻ നഷ്ടമാവുകയായിരുന്നു. മരണത്തിന് പിന്നാലെ ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കുടുംബം രം​ഗത്തെത്തി.

കുഞ്ഞിന്റെ ജനനം ആശുപത്രി അധികൃതർ അറിയിച്ചില്ലെന്നും ഒന്നര മണിക്കൂർ വൈകി ശുചീകരണ തൊഴിലാളിയാണ് അറിയിച്ചതെന്നും പരാതിയിൽ പറയുന്നു. കുറച്ചുസമയത്തിന് ശേഷം, എൻഐസിയുവിൽ തീപിടിത്തമുണ്ടായതായും വാർഡ് ആകെ പുക നിറഞ്ഞതായും കുടുംബം അറിഞ്ഞു. അപകടത്തിൽ കുഞ്ഞിന് ​സാരമായി പൊള്ളലേറ്റതായി ആശുപത്രി ജീവനക്കാർ അറിയിക്കുകയായിരുന്നു.

വയറ്റിലും മുഖത്തും നെഞ്ചിലുമാണ് കുഞ്ഞിന് പൊള്ളലേറ്റതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി ജീവനക്കാർ അറിയിക്കുകയും കകാഡിയോയിലെ മറ്റൊരു സ്വകാര്യ കുട്ടികളുടെ നഴ്‌സിങ് ഹോമിലേക്ക് മാറ്റണമെന്ന് പറയുകയും ചെയ്തു.

എന്നാൽ കകാഡിയോയിലെ ആശുപത്രിയിലേക്ക് മാറ്റുംമുമ്പ് തന്നെ കുഞ്ഞ് മരിക്കുകയായിരുന്നെന്നും കുഞ്ഞിന്റെ മാതാവിന്റെ സഹോദരി നൽകിയ പരാതിയിൽ വിശദമാക്കുന്നു.

അതേസമയം, രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ബിതൂർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കാസിം അബ്ദി പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.

Related Articles

Back to top button