15 വർഷത്തെ ഒളിവുജീവിതത്തിന് അവസാനം; പോക്സോ, വധശ്രമ കേസ് പ്രതി ആലപ്പുഴയിൽ പിടിയിൽ

ആലപ്പുഴ: വധശ്രമം, പോക്സോ ഉൾപ്പെടെയുള്ള ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതിയായി ഒന്നര പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് പിടികൂടി. കണ്ണൂർ ആലക്കോട് സ്വദേശി മണേലിൽ ജിനീഷ് (ഷായൽ – 39) ആണ് പുന്നമടയിലെ ഹൗസ് ബോട്ടിൽ നിന്ന് പിടിയിലായത്. വിവധയിടങ്ങളിൽ പേര് മാറ്റി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ആലപ്പുഴയിൽ ഹൗസ് ബോട്ട് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.
രഹസ്യവിവരത്തെത്തുടർന്ന് ആലപ്പുഴ സൗത്ത് പോലീസ് ഇൻസ്പെക്ടർ വി.ഡി. റജിരാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പോലീസിനെ കണ്ടതോടെ കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് ഉദ്യോഗസ്ഥർ കീഴടക്കിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കണ്ണൂർ പോലീസിന് കൈമാറി.
സൗത്ത് പോലീസ് എസ്.ഐ ആർ. മോഹൻകുമാർ, എ.എസ്.ഐ ഉല്ലാസ് യു, സീനിയർ സി.പി.ഒമാരായ മൻസൂർ മുഹമ്മദ്, ആർ. ശ്യാം, കണ്ണൂർ ആലക്കോട് എ.എസ്.ഐ മുനീർ, സീനിയർ സി.പി.ഒ ജാബിർ അലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു




