കാഴ്ച നഷ്ടപ്പെടാൻ സാധ്യത; ഇമ്രാൻ ഖാന്റെ നില ഗുരുതരം? അതീവ രഹസ്യമായി ആശുപത്രിയിൽ

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഴ്ചശക്തിയെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് 73-കാരനായ അദ്ദേഹത്തെ ജയിൽ സെല്ലിൽ നിന്നും മാറ്റിയത്. എന്നാൽ, കുടുംബത്തെയോ പാർട്ടിയെയോ അറിയിക്കാതെ നടത്തിയ ഈ നീക്കത്തിൽ അസ്വാഭാവികതയുണ്ടെന്ന് ഇമ്രാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (PTI) ആരോപിച്ചു.

ഇമ്രാൻ ഖാന്റെ വലതുകണ്ണിലെ ഞരമ്പുകൾക്ക് തടസ്സമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് അടിയന്തരവും വിദഗ്ദ്ധവുമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പാർട്ടി വക്താക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തോളമായി അഭിഭാഷകർക്കോ സഹോദരിമാർക്കോ മുതിർന്ന പാർട്ടി നേതാക്കൾക്കോ ഇമ്രാനെ കാണാൻ അനുമതി നൽകിയിരുന്നില്ല. മാസങ്ങളായി അദ്ദേഹത്തിന്റെ വ്യക്തിഗത ഡോക്ടർമാരെ പരിശോധനയ്ക്കായി അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. രാത്രിയുടെ മറവിൽ ആശുപത്രിയിൽ എത്തിച്ച് മൂന്ന് മണിക്കൂറിന് ശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോയത് ദുരൂഹമാണെന്ന് ഇമ്രാന്റെ സഹോദരി നൂറിൻ നിസാജി പറഞ്ഞു.

അദിയാല ജയിലിന് മുന്നിൽ പ്രതിഷേധിച്ച പി.ടി.ഐ പ്രവർത്തകരെ നേരിടാൻ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനോട് അധികൃതർ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും പാർട്ടി കുറ്റപ്പെടുത്തി.

Related Articles

Back to top button