​‘തൊപ്പി നമുക്ക് സുന്നത്തേ ഉള്ളു, പക്ഷേ ഹെൽമറ്റ് ഫർളാണ്’; എംവിഡിയുടെ ഉപദേശം വൈറൽ

ഗതാ​ഗത നിയമങ്ങളിൽ കേന്ദ്രസർക്കാർ കർശന നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷത്തിനിടെ അഞ്ച് ചലാൻ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാകുമെന്നുൾപ്പെടെയുള്ള വകുപ്പുകളാണ് നിയമത്തിലുള്ളത്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറത്തുവന്നതിന് പിന്നാലെ, ഗതാഗതനിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുകയാണ്. എന്നാലും റോഡിലെ നിയമലംഘകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. അത്തരത്തിലൊരു സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥൻ നൽകിയ ഒറ്റവരി ഉപദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചെത്തിയ രണ്ടുപേരെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു. ‘എവിടേക്കാണ് പോകുന്നത്’ എന്ന ചോദ്യത്തിന്, പള്ളിയിൽ നിസ്കാരത്തിന് പോകുകയാണെന്നായിരുന്നു യാത്രക്കാരുടെ മറുപടി. ഹെൽമറ്റ് ഇല്ലെന്ന ചൂണ്ടിക്കാട്ടലിന് മറുപടിയായി, അവർ തലപ്പാവ് കാണിച്ചു. അപ്പോഴാണ് നിയമവും വിശ്വാസവും തമ്മിലുള്ള ബന്ധം ഒറ്റവരിയിൽ വ്യക്തമാക്കി ഉദ്യോഗസ്ഥൻ മറുപടി നൽകിയത്. ആ വാക്കുകൾ കേട്ടതോടെ നിയമം ലംഘിച്ചവർക്കു പിന്നെ പറയാൻ ഒന്നുമുണ്ടായില്ല. ഉദ്യോഗസ്ഥന്റെ പ്രതികരണം വീഡിയോയായി പ്രചരിച്ചതോടെയാണ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്.

‘തൊപ്പി നമുക്ക് സുന്നത്തേ ഉള്ളു, പക്ഷേ ഹെൽമറ്റ് ഫർളാണ്.’ ഇതായിരുന്നു ആ വാചകം. ഫർളാ (ഫർള് കിഫായ) എന്നാൽ ഓരോ വ്യക്തിയും നിർബന്ധമായും ചെയ്തിരിക്കണമെന്ന് ഇസ്‍ലാം അനുശാസിക്കുന്ന കാര്യങ്ങളാണ്. ഇത് പാലിക്കാതിരിക്കുന്നത് പാപമായി കണക്കാക്കും. സുന്നത്ത് എന്നാൽ മതാനുഷ്ഠാനങ്ങൾക്കുള്ള നിർദ്ദേശങ്ങളാണ്. അവ അനുഷ്ഠിച്ചാൽ ആത്മീയമായ സദ്‍ഫലം ഉണ്ടാകും. അനുഷ്ഠിച്ചില്ലെങ്കിൽ അതിനെ പാപമായി കാണുകയുമില്ല. മതപരമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും നൽകുന്ന പ്രാധാന്യം, സ്വന്തം ജീവൻറെ സുരക്ഷയ്ക്കും നിയമം പാലിക്കുന്നതിനും നൽകണമെന്നാണ് അദ്ദേഹം ഓർമ്മിപ്പിക്കുന്നത്.

ഹെൽമറ്റ് ഇല്ലാതെയുള്ള യാത്ര കേവലം നിയമലംഘനം മാത്രമല്ല, മറിച്ച് അപകടമുണ്ടായാൽ നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന കാര്യമാണെന്നും. പിഴ അടയ്ക്കുന്നതിനേക്കാൾ ഉപരിയായി, നിങ്ങളുടെ കുടുംബത്തിന് നിങ്ങൾ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ഓരോ യാത്രക്കാരും തിരിച്ചറിയണമെന്നും ആ ഉദ്യോഗസ്ഥൻറെ സ്നേഹപൂർവ്വമായ ഇടപെടലിൽ നിന്ന് വായിച്ചെടുക്കാം.

Related Articles

Back to top button