ലീഗിനുമേലുള്ള നിങ്ങളുടെ വർഗീയത ആരോപണം വെറും പൂരപ്പറമ്പിലെ സീസൺ കച്ചവടം പോലെ; സജി ചെറിയാനെതിരെ എ പി സ്മിജി

യുഡിഎഫ് വർഗീയ ധ്രുവീകരണം നടത്തുന്നതായുള്ള സജി ചെറിയാന്റെ വിവാദ പരാമർശത്തിന് ശക്തമായ ഭാഷയിൽ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പി സ്മിജി. മുസ്ലിം ലീഗിനുമേലുള്ള നിങ്ങളുടെ വർഗീയത ആരോപണം വെറും പൂരപ്പറമ്പിലെ സീസൺ കച്ചവടം പോലെയാണ്. തരാ തരം മുസ്ലിം ലീഗിനെ വിമർശിച്ച് താങ്കളെ പോലുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കുക. ഞങ്ങളുടെ മലപ്പുറം ഭാഷയിൽ പറഞ്ഞാൽ, അതൊക്കെ ഓത്തിച്ചാലിലെ അഴുക്കു വെള്ളം പോലെ ഒഴുകിപ്പോകും, അതൊന്നും ആരും ഗൗനിക്കില്ലെന്നാണ് മുസ്ലിം ലീഗിന്റെ യുവ നേതാവ് എ പി സ്മിജി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. തലമുറകളിലൂടെ ഞങ്ങൾ അനുഭവിച്ച ജീവിത യാഥാർത്ഥ്യമാണ് മുസ്ലിം ലീഗിൻ്റെ മതേതരത്വം. മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ക്യാൻഡിഡേറ്റ് ലിസ്റ്റ് കണ്ണട വെച്ച് നോക്കുന്നത് നന്നാവും അപ്പോഴേ കാണാത്തത് കാണൂ. കണ്ടിട്ടും കാണാത്തത് പോലെ നടിക്കുന്നവർക്ക് ഇവിടെ മരുന്നില്ല. അവർ വർഗ്ഗീയത പറഞ്ഞു നടക്കുമെന്നും എ പി സ്മിജി കുറിക്കുന്നു.



