വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ  യുവാക്കള്‍ മർദ്ധിച്ചു 

വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദ്ധിച്ച്   യുവാക്കള്‍. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. 4  യുവാക്കളാണ് മർദ്ധനത്തിന്  പിന്നില്‍. സംഭവത്തില്‍ ശൂരനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കിരണിന്റെ വീടിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്നു യുവാക്കള്‍. ഇതിനിടെ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിന് മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു. കിരണിനെ യുവാക്കള്‍ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ കിരണ്‍ വീടിന് പുറത്തേയ്ക്ക് വന്നു. തൊട്ടുപിന്നാലെ യുവാക്കള്‍ ചേര്‍ന്ന് കിരണിനെ മർദ്ധിക്കുകയായിരുന്നു. അടിച്ച് താഴെയിട്ട ശേഷം കിരണിന്റെ മൊബൈല്‍ ഫോണ്‍ സംഘം കവര്‍ന്നു. തുടര്‍ന്ന് കിരണിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ടാലറിയാവുന്ന 4  പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി.

 വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കിരണ്‍കുമാറിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി മരവിപ്പിക്കണമെന്ന കിരണിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനം എടുക്കും വരെയായിരുന്നു ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചത്.

Related Articles

Back to top button