കുടുംബത്തിലെ ജ്യേഷ്ഠ സഹോദരിയെ പോലെ കണ്ടയാളാണ് ഐഷ പോറ്റി

ഐഷ പോറ്റി കോൺഗ്രസ്സിൽ ചേർന്നതിൽ വൈകാരിക പ്രതികരണവുമായി മന്ത്രി കെഎൻ ബാലഗോപാൽ. കുടുംബത്തിലെ ജ്യേഷ്ഠ സഹോദരിയെ പോലെ കണ്ടയാളാണ് ഐഷ പോറ്റിയെന്നും നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ചേർന്നതിൽ അതീവ ദു:ഖമുണ്ടെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. കോൺഗ്രസ്സിൽ പോകാൻ പാടില്ലായിരുന്നു. വ്യക്തിപരമായി ദേഷ്യമില്ല. പോയതിൽ പിന്നീട് വിഷമിക്കുമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
യുഡിഎഫ് സഹകരണ ചർച്ചകൾക്കിടെ ഐഷാ പോറ്റി, കേന്ദ്ര വിരുദ്ധ പോരാട്ടത്തിന് കോൺഗസ് സംഘടിപ്പിച്ച രാപ്പകൽ സമര വേദിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചായിരുന്നു ഐഷ എത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇവരെ സ്വീകരിച്ചത്. സമര വേദിയിൽ വെച്ച് ഐഷ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പ്രതിപക്ഷ നേതാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.



