ജി.ഗോപകുമാറിന് ഭാരത് സേവക് സമാജ് പുരസ്കാരം

മാവേലിക്കര: ദേശീയ വികസന ഏജന്‍സിയായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരത്തിന് കുത്തിയോട്ട കലാകാരനും മാധ്യമ പ്രവർത്തകനുമായ ജി.ഗോപകുമാർ അര്‍ഹനായി. അനുഷ്ഠാന കലയായ കുത്തിയോട്ടത്തിലും മറ്റ് കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും മാധ്യമരംഗത്തേയും പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. 46 വർഷമായി ചെട്ടികുളങ്ങര ശ്രീ ലളിതാംബിക കുത്തിയോട്ട സമിതിയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ഈരേഴ തെക്ക് കാട്ടൂർ വിജയകുമാറിൻ്റേയും കൈയ്പള്ളിൽ മന്മഥൻപിള്ളയുടേയും ശിഷ്യനാണ്. കുത്തിയോട്ടത്തിൻ്റെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച്, ചെട്ടികുളങ്ങര ഭഗവതി ക്ഷേത്ര ഐതീഹ്യവും ചരിത്രവും, എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവാണ്.

തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോർമിങ് ആർട്ട്സ് ആൻ്റ് റിസർച്ച് സെൻ്റർ സോപാനം ശ്രീ കാവാലം നാരായണ പണിക്കരുടെ നാടക കളരിയിൽ നിന്ന് പരിശീലനം നേടിയിട്ടുള്ള ഗോപകുമാർ സിനിമ – സീരിയൽ രംഗത്ത് സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ആൽബങ്ങളും അർത്ഥാന്തരം എന്ന ഷോർട്ട് ഫിലിം, അക്ഷരങ്ങളിലൂടെ ഒരു യാത്ര എന്ന ഡോക്യുമെൻ്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. 15 വര്‍ഷമായി മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

ചെട്ടികുളങ്ങര ഈരേഴ തെക്ക് മങ്ങാട്ട് ഗോകുലത്തിൽ വി.ഗോപിനാഥൻ പിള്ളയുടേയും പരേതയായ ഓമനയമ്മയുടേയും മകനാണ്. തിരുവനന്തപുരം കവടിയാര്‍ സദ്ഭാവനാ ഭവന്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഭാരത് സേവക് സമാജ് ദേശീയ ചെയര്‍മാന്‍ ബി.എസ്.ബാലചന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ന്യൂ ഡല്‍ഹി സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഡയറക്ടര്‍ ജനറല്‍ മഞ്ജു ശ്രീകണ്ഠന്‍ അറിയിച്ചു.

Related Articles

Back to top button