തിരയിൽപ്പെട്ട് എൻജിൻ ഇളകി മാറി; കടലിൽ താഴ്ന്ന വള്ളത്തിലെ തൊഴിലാളികളെ സാഹസികമായി കരയിലെത്തിച്ചു

കടലിൽ എൻജിൻ തകരാറിലായി അപകടത്തിൽപ്പെട്ട വള്ളത്തിലെ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് കോസ്റ്റൽ പോലീസ് രക്ഷകരായി. ശനിയാഴ്ച വൈകുന്നേരം വിഴിഞ്ഞം ടൗൺഷിപ്പ് ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ സിറാജുദീന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.
ശക്തമായ തിരമാലയിൽപ്പെട്ട് വള്ളത്തിന്റെ എൻജിൻ ഇളകി മാറുകയും വള്ളം പകുതിയോളം കടലിൽ താഴുകയും ചെയ്തു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വള്ളം കടലിൽ ഒഴുകി നടക്കുകയായിരുന്നു. മുഹമ്മദ് ഇസ്മായിൽ (61), മുജീബ് റഹ്‌മാൻ (37), ആദം കരീം (60) എന്നിവരാണ് അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
വൈകുന്നേരം 5.30-ഓടെ വിവരമറിഞ്ഞ വിഴിഞ്ഞം കോസ്റ്റൽ പോലീസ് ഉടൻതന്നെ പട്രോളിങ് ബോട്ടുമായി സ്ഥലത്തെത്തി. എസ്.എച്ച്.ഒ. വിപിന്റെ നിർദ്ദേശപ്രകാരം എസ്.ഐ. ജോസ്, കോസ്റ്റൽ വാർഡൻ സാദിഖ്, സ്രാങ്ക് അഹമ്മദ് കണ്ണ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കടലിൽ ഒഴുകിനടന്ന വള്ളം കയർ ഉപയോഗിച്ച് പട്രോളിങ് ബോട്ടുമായി ബന്ധിപ്പിച്ചാണ് സുരക്ഷിതമായി കരയിലെത്തിച്ചത്. കൃത്യസമയത്ത് വിവരം അറിയിച്ചതും പോലീസിന്റെ വേഗത്തിലുള്ള ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.



