വി സി നിയമനത്തിൽ സർക്കാർ ഗവർണർക്ക് വഴങ്ങിയെന്ന പ്രതീതിയിൽ സിപിഐഎമ്മിൽ ആശങ്ക

വിസി നിയമനത്തിൽ ഉൾപ്പെടെ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഐഎമ്മിൽ ഒരു വിഭാ​ഗത്തിന് അതൃപ്തി. ഭാരതാംബ വിവാദത്തിൽ സസ്പെൻഷനിലായ കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ സ്ഥലംമാറ്റവും സർക്കാർ ഗവർണർക്ക് വഴങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട് എന്ന ആശങ്കയാണ് ഒരു വിഭാ​ഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഈ നീക്കങ്ങളിൽ ഇടത് വിദ്യാർത്ഥി അധ്യാപക സംഘടനകൾക്കും ജീവനക്കാർക്കും കടുത്ത അതൃപ്തിയുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചില നേതാക്കൾ ഈ ആശങ്ക അറിയിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ ധാരണയിൽ എത്തിയില്ലെങ്കിൽ ഒഴിഞ്ഞ് കിടക്കുന്ന മറ്റ് വിസി നിയമനവും പ്രതിസന്ധിയിൽ ആകുമെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരണം എന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ​മുഖ്യമന്ത്രി-ഗവ‍ർണ‍ർ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സിസ തോമസിനെ കേരള ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വിസിയായും സജി ​ഗോപിനാഥിനെ ഡിജിറ്റൽ സർവ്വകലാശാല വിസിയായും നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ലോക്ഭവൻ പുറത്തിറക്കിയിരുന്നു. സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടങ്ങൾക്ക് ഇടെയായിരുന്നു വിഷയത്തിൽ സമവായം ഉണ്ടായത്. നേരത്തെ സിസ തോമസിനെ വി സിയായി നിയമിക്കണമെന്ന ​ഗവർണറുടെ പിടിവാശിക്ക് സർക്കാർ വഴങ്ങിയിരുന്നില്ല. സജി ​ഗോപിനാഥിൻ്റെ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്താലും സിസി തോമസ് വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ​ഗവർണറുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സിസി തോമസിനെ വിസിയാക്കി ​ചാൻസലർ കൂടിയായ ​ഗവർണർ ഉത്തരവിറക്കിയത്.

Related Articles

Back to top button