മുഖ്യമന്ത്രിയോടൊപ്പം ഇരിക്കാതിരിക്കാൻ എനിക്കെന്താ അയിത്തമുണ്ടോ? പാവപ്പെട്ട സമുദായക്കാരനായതുകൊണ്ടാണോ എന്നെ മാത്രം കുറ്റപ്പെടുത്തുന്നത്?

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിന്റെ പേരിൽ തന്നെമാത്രം ചിലർ കുറ്റപ്പെടുത്തുന്നു എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാവപ്പെട്ട സമുദായക്കാരനായതുകൊണ്ടാണോ തന്നെമാത്രം കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ആഗോള അയ്യപ്പ സംഗമത്തെ എസ്.എൻ.ഡി.പി. യോഗം മാത്രമല്ല എൻ.എസ്.എസും പിന്തുണച്ചിരുന്നെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. തനിയ്ക്ക് അയിത്തമുണ്ടോ എന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തതിനെ വിമർശിക്കുന്നവരോട് വെള്ളാപ്പള്ളി ചോദിക്കുന്നു.
മുന്നണികൾ മത-സാമുദായിക പ്രീണനം നടത്തുന്നതിനെതിരേ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരേ താൻ മാത്രമല്ല എൻ.എസ്.എസ്. നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവർക്ക് സ്കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നൽകാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? വസ്തുതകളല്ലേ? ഈ വസ്തുത മറച്ചുവെച്ച് വർഗീയപ്രചാരണം നടത്തുന്നത് മുസ്‌ലിം ലീഗല്ലേ? കോൺഗ്രസ് അവർ പറയുന്നതിനെയല്ലേ പിന്തുണയ്ക്കുന്നത്?
24 മണിക്കൂറും വർഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോൺഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോൺഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കൾ തിരിച്ചറിയുന്നില്ല. അവർ ലീഗിന് അടിമപ്പെടുകയാണ്.
ആഗോള അയ്യപ്പ സംഗമത്തെ എസ്.എൻ.ഡി.പി. യോഗം മാത്രമല്ല എൻ.എസ്.എസും പിന്തുണച്ചിരുന്നു. അവരും പ്രതിനിധിയെ അയച്ചിരുന്നു. അതിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നതു മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് എൻ.എൻ.എസിനെ കുറ്റപ്പെടുത്താത്തത്? മുഖ്യമന്ത്രിയുടെ വാഹനത്തിൽ പോയതിനെയും ചിലർ പരിഹസിക്കുന്നുണ്ട്. അതിനെക്കാൾ വലിയ കാറുള്ളവനാണ് ഞാൻ. മുഖ്യമന്ത്രിയോടൊപ്പം ഇരിക്കാതിരിക്കാൻ എനിക്കെന്താ അയിത്തമുണ്ടോ? -വെള്ളാപ്പള്ളി ചോദിച്ചു.



