നടിയെ ആക്രമിച്ച കേസ്: ഏറ്റവും കുറഞ്ഞ ശിക്ഷ… പൾസർ സുനിക്ക് മാത്രം…

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് വിചാരണ കോടതി വിധിച്ചത് കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ. പ്രതികൾ വിചാരണ തടവുകാരായി കഴിഞ്ഞ കാലം കൂടി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് വിധി. പ്രതികളുടെ പ്രായം, ചില പ്രതികൾ മുൻപ് കുറ്റം ചെയ്തിട്ടില്ലെന്നതും എല്ലാവരുടെയും കുടുംബ പശ്ചാത്തലവും കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്. എല്ലാ പ്രതികൾക്കുും 20 വർഷം കഠിനതടവും 50000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക അതിജീവിതയായ നടിയ്ക്ക് നൽകണം.
കേസിൽ ഒന്നാം പ്രതി പെരുമ്പാവൂർ വേങ്ങൂർ നടുവിലേക്കുടി വീട്ടിൽ സുരേന്ദ്രൻ മകൻ സുനിൽ എൻ.എസ് എന്ന പൾസർ സുനിയാണ്. ഇയാൾക്ക് കൂട്ടബലാത്സംഗ കേസിൽ 20 വർഷത്തിന് പുറമെ അഞ്ച് വർഷം അധിക ശിക്ഷയും വിധിച്ചെങ്കിലും 20 വർഷം മാത്രം തടവുശിക്ഷ അനുഭവിച്ചാൽ മതി. ഇതിനോടകം ഏഴ് വർഷം വിചാരണ തടവിൽ കഴിഞ്ഞ ഇയാൾക്ക് ഇപ്പോൾ മുതൽ 13 വർഷം കൂടി ശിക്ഷ അനുഭവിച്ചാൽ പുറത്തിറങ്ങാം.



