അച്ഛന് പിന്നാലെ പലാഷും ആശുപത്രിയിൽ.. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഡീലിറ്റ് ചെയ്ത് സ്മൃതി മന്ദാന…

വിവാഹ ദിനത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവ് ശ്രീനിവാസിനെയും അണുബാധയേറ്റ് ഭാവി വരനും സംഗീത സംവിധായകനുമായ പലാഷ് മുച്ചലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത എല്ലാ പോസ്റ്റുകളും ഡീലിറ്റ് ചെയ്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. വിവാഹവുമായും വിവാഹ നിശ്ചയവുമായും ബന്ധപ്പെട്ട പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് സ്മൃതി ഡിലീറ്റ് ചെയ്തത്.
പലാഷ് മുച്ചല്‍ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് പ്രപ്പോസ് ചെയ്യുന്ന വീഡിയോയും സ്മൃതി ഡിലീറ്റ് ചെയ്തിട്ടുണ്ട്. സ്മൃതിക്ക് പുറമെ ഇന്ത്യന്‍ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയിട്ടുണ്ട്. അതേസമയം, പലാഷ് മുച്ചലിന്റെ സമൂഹമാധ്യമങ്ങളില്‍ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്.
അതേസമയം വിവാഹം മാറ്റിവെച്ചതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് പലാഷിന്റെ സഹോദരി പലാക് മുച്ചല്‍ രംഗത്തെത്തി . സ്മൃതി മന്ദാനയുടെ പിതാവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വിവാഹം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചതെന്നും ഈ പ്രതിസന്ധി സമയത്ത് എല്ലാവരും ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്നും പലാക് മുച്ചല്‍ സമൂഹമാധ്യമ പോസ്റ്റില്‍ വ്യക്തമാക്കി.ഇന്നലെയായിരുന്നു സ്മൃതിയും സംഗീത സംവിധായകന് പലാഷ് മുച്ചലുമായുള്ള വിവാഹം മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിവാഹദിനം സ്മൃതിയുടെ അച്ഛന് ശ്രീനിവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ വിവാഹം മാറ്റിവെച്ചിരുന്നു. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ശ്രീനിവാസിന് ആന്‍ജിയോപ്ലാസ്റ്റി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ പലാഷ് മുച്ചലിനെയും അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈറല്‍ അണുബാധയും ദഹനപ്രശ്നങ്ങളെയും തുടര്‍ന്നാണ് മുച്ചലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുച്ചല്‍ പിന്നീട് ആശുപത്രി വിട്ടിരുന്നു.



