ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണം.. പ്രസംഗം ഏറ്റെടുത്ത് ഹിന്ദു ഐക്യവേദി…

പാലത്തായി കേസുമായി ബന്ധപ്പെട്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍ നടത്തിയ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യ വേദി. ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീന്ദ്രനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് രംഗത്തെത്തിയത്. ബിജെപി മുന്‍ പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിലായിരുന്നു ഹരീന്ദ്രന്റെ വിവാദ പരാമര്‍ശം.
പാലത്തായി കേസില്‍ പീഡിപ്പിച്ചയാള്‍ ഹിന്ദു ആയതിനാലാണ് കേസില്‍ എസ്ഡിപിഐ നിലപാട് എടുത്തതെന്നായിരുന്നു പി ഹരീന്ദ്രന്റെ പ്രസംഗത്തിലെ വിവാദമായ ഭാഗം. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധമോ മുദ്രാവാക്യമോ ഇല്ലെന്നും സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നും ഹരീന്ദ്രന്‍ പറഞ്ഞിരുന്നു.
പ്രസംഗം വിവാദമായെങ്കിലും നേതാവ് തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. താന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ ഉണ്ടാക്കിയ ക്യാപ്സൂള്‍ മുസ്ലിം ലീഗ് ഏറ്റെടുക്കുകയായിരുന്നു. കുറേകാലമായി ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു ഹരീന്ദ്രന്റെ വിശദീകരണം.



