സാഹസികമായ ജോലികൾ ചെയ്യാൻ ആത്മവിശ്വാസമുണ്ടോ? ഇന്ത്യൻ എയർഫോഴ്‌സ് നിങ്ങളെ വിളിക്കുന്നു

ഇന്ത്യൻ എയർഫോഴ്‌സ് (IAF) 2026-ലെ ആദ്യ ഘട്ട നിയമനത്തിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT 01/2026) സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. കമ്മീഷൻഡ് ഓഫീസർ ആയി സേനയിൽ ജോലിയിൽ പ്രവേശിക്കാനുള്ള മികച്ച അവസരമാണിത്. ഫ്ലൈയിംഗ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം.

കൂടാതെ NCC സ്പെഷ്യൽ എൻട്രി വഴിയും ഫ്ലൈയിംഗ് ബ്രാഞ്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കും. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും മാത്രമേ റിക്രൂട്ട്മെന്റിൽ അപേക്ഷിക്കാൻ സാധിക്കൂ. എ എഫ് സി എ ടി 01/2026 & എൻ സി സി സ്പെഷ്യൽ എൻട്രി എന്നി സ്കീമുകൾ വഴിയാണ് ഉദ്യോഗാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്. നിയമനവുമായി ബന്ധപ്പെട്ട പൂർണ്ണ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. പ്രാഥമികമായി ലഭ്യമാകുന്ന വിവരങ്ങൾ ഇങ്ങനെയാണ്.

ഗ്രൗണ്ട് ഡ്യൂട്ടി (നോൺ-ടെക്നിക്കൽ) വിഭാഗം: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) വിഭാഗം: നിർദ്ദിഷ്ട എൻജിനിയറിങ് വിഷയങ്ങളിൽ B.E. / B.Tech ബിരുദം ആവശ്യമുണ്ട്.

ഫ്ലൈയിംഗ് ബ്രാഞ്ച്: അപേക്ഷകർ പ്ലസ് ടു തലം (10+2) ഫിസിക്സും മാത്തമാറ്റിക്ക്സും വിഷയങ്ങളായി പാസായിരിക്കണം. അതിനൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം.

പ്രായപരിധി

പ്രായം 2027 ജനുവരി 1 അനുനുസരിച്ച് ആണ് കണക്കാക്കുന്നത്.

ഫ്ലൈയിംഗ് ബ്രാഞ്ച്:

  • അപേക്ഷകർക്ക് 20 മുതൽ 24 വയസ്സ് വരെ പ്രായമുണ്ടായിരിക്കണം.
  • 2003 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം
  • സി പി എൽ (Commercial Pilot License) ഉള്ളവർക്ക് ഇളവ്: DGCA (ഇന്ത്യ) പുറത്തിറക്കിയ നിലവിലുള്ള സാധുവായ കോമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് (CPL) ഉള്ള ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധി 26 വയസ്സ് വരെ.
  • അതായത്, 2001 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ & നോൺ-ടെക്നിക്കൽ) വിഭാഗങ്ങൾ:

  • അപേക്ഷകർക്ക് 20 മുതൽ 26 വയസ്സ് വരെ പ്രായമുണ്ടായിരിക്കണം.
  • 2001 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവർ അപേക്ഷിക്കാം.

ഘട്ടം 1: AFCAT എഴുത്തുപരീക്ഷ

ആദ്യ ഘട്ടം ഓൺലൈൻ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള പരീക്ഷ (CBT) ആയിരിക്കും,

  • ജനറൽ അവയർനെസ് (General Awareness)
  • ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം (Verbal Ability in English)
  • സംഖ്യാനൈപുണ്യം (Numerical Ability)
  • റീസണിങ് & മിലിട്ടറി ആപ്റ്റിറ്റ്യൂഡ് (Reasoning and Military Aptitude)

എഞ്ചിനീയറിങ് നോളജ് ടെസ്റ്റ് (ടെക്നിക്കൽ):
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് എഞ്ചിനീയറിങ് നോളജ് ടെസ്റ്റ് (EKT) കൂടി എഴുതേണ്ടി വന്നേക്കും.

ഘട്ടം 2: എയർഫോഴ്‌സ് സെലക്ഷൻ ബോർഡ് അഭിമുഖം (AFSB Interview)

എഴുത്തുപരീക്ഷയുടെ കട്ട്-ഓഫ് മാർക്ക് ലഭിച്ച ഉദ്യോഗാർത്ഥികളെ എയർ ഫോഴ്സ് സെലക്ഷൻ ബോർഡ് (AFSB) അഭിമുഖത്തിനായി വിളിക്കും. ഇത് 4–5 ദിവസങ്ങളോളം നീളുന്ന സമഗ്രമായ ഒരു മൂല്യനിർണ്ണയ പ്രക്രിയയാണ്.

പ്രധാന ഘട്ടങ്ങൾ:

സ്ക്രീനിംഗ് ടെസ്റ്റ്: ചിത്രത്തെ അടിസ്ഥാനമാക്കി കഥ പറഞ്ഞ് ചർച്ച നടത്തുന്ന ടെസ്റ്റ് (PP&DT). ഈ പരീക്ഷയുടെ ലക്ഷ്യം സ്ഥാനാർത്ഥികളുടെ നിരീക്ഷണശേഷി, ചിന്താശക്തി, ആശയവിനിമയ കഴിവ്, കൂട്ടായ പ്രവർത്തന മനോഭാവം എന്നിവ വിലയിരുത്തുക എന്നതാണ്.

എയർഫോഴ്‌സ് ട്രെയിനിംഗിന് ശേഷം ഫ്ലയിങ് ഓഫീസർ ആയി ജോലിയിൽ പ്രവേശിക്കുമ്പോൾ അലവൻസുകൾ ഉൾപ്പെടെ ശരാശരി 85,000 മുതൽ ₹1,00,000 വരെ പ്രതിമാസ വേതനം ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റു വിവരങ്ങൾക്കായി https://indianairforce.nic.in/ സന്ദർശിക്കുക.

Related Articles

Back to top button