കൃഷ്ണസ്വാമിയുടെ ഭൂമി അധികൃതർ തിരിമറി നടത്തി മറ്റൊരാളുടെ പേരിലാക്കി; കർഷകൻ്റെ ആത്മഹത്യയിൽ കൂടതൽ വിവരങ്ങൾ പുറത്ത്..

അട്ടപ്പാടിയിൽ മൂന്നേക്കറോളം ഭൂമിക്ക് തണ്ടപ്പേർ കിട്ടാത്തതിൽ മനംനൊന്ത് കർഷകൻ കൃഷ്ണസ്വാമി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ നേതൃത്വത്തിൽ അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കോൺഗ്രസ് നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ ഉപരോധിക്കും. റവന്യൂ ഉദ്യോഗസ്ഥരാണ് കൃഷ്ണസ്വാമിയുടെ മരണത്തിന് ഉത്തരവാദികളെന്നാണ് ആരോപണം. കൃഷ്ണസ്വാമിയുടെ ഭൂമി റവന്യൂ അധികൃതൻ, രേഖകളിൽ തിരിമറി നടത്തി മറ്റൊരാളുടെ പേരിലാക്കിയെന്നാണ് ആരോപണം. അതേസമയം ഇന്ന് റവന്യൂ ഉദ്യോഗസ്ഥർ ജില്ലാകലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകും. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറും അറിയിച്ചു.



