രാവിലെ കെട്ടിറങ്ങിയെന്ന് കരുതി വണ്ടിയെടുത്ത് പോകേണ്ട… ലൈസൻസ് പോകും, ഒരു ദിവസത്തെ ക്ലാസിനും ഇരിക്കേണ്ടിവരും
മദ്യപിച്ച് വാഹനമോടിക്കുന്നവരെ മോട്ടോർ വാഹന വകുപ്പ് വാഹനപരിശോധനയിൽ കുടുക്കുമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ രാത്രി മദ്യപിച്ച് കെട്ടിറങ്ങിയെന്നുകരുതി രാവിലെ വണ്ടിയോടിച്ചാൽ കുടുങ്ങുമോ?. സംശയമേ വേണ്ട, കുടുങ്ങിയതു തന്നെ. അങ്ങനെ വാഹനമോടിച്ച് എംവിഡി പിടിച്ചാൽ ഡ്രൈവിങ് ലൈസൻസ് പോകുമെന്ന് ഉറപ്പാണ്.
മാത്രമല്ല ഒരു ദിവസത്തെ ക്ലാസിനും ഇരിക്കേണ്ടിവരും. ഇത്തരം നിയമലംഘനങ്ങൾ ഉൾപ്പെടെയുള്ള കേസുകളാൽ കൊച്ചിയിൽ 1121 പേരുടെ ഡ്രൈവിങ് ലൈസൻസുകളാണ് ആർടിഒ റദ്ദാക്കിയത്. സമാന കേസുകളുടെ എണ്ണം കൂടിയതോടെ എറണാകുളം ആർടിഒ കെ ആർ സുരേഷ്, ജോയിന്റ് ആർടിഒ സിഡി അരുൺ എന്നിവരുടെ നേതൃത്വത്തിൽ ഹിയറിങ് നടപടികൾ വേഗത്തിലാക്കിയാണ് ലൈസൻസ് റദ്ദാക്കുന്നത്.
രക്തത്തിൽ മദ്യത്തിന്റെ അളവ് അൻപത് മില്ലിക്ക് മുകളിൽ കൂടിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിൽ 437 പേർക്കാണ് ലൈസൻസ് പോയത്. ബസ് ഡ്രൈവർമാർ, ലോറി ഡ്രൈവർമാർ, കാർ ഡ്രൈവർമാർ തുടങ്ങിയവരാണ് ഇതിൽ കൂടുതലും.



