വന്ദേഭാരതിൽ ഇനി തലശ്ശേരി ബിരിയാണിയും നാടൻ കോഴിക്കറിയും… മെനു പരിഷ്കരിച്ചു..
തലശ്ശേരി ബിരിയാണി മുതൽ നാടൻ കോഴിക്കറി വരെ…. തനത് രുചികൾക്ക് പ്രാധാന്യം നൽകി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണങ്ങൾ പരിഷ്കരിക്കുന്നു. പ്രാദേശിക വിഭങ്ങളുടെ രുചി വൈവിധ്യങ്ങൾ ഇനി യാത്രയിലും ആസ്വദിക്കാവുന്ന വിധത്തിലാണ് ഐആർസിസിടിയുടെ പുതിയ മെനു. ഭക്ഷണത്തെ കുറിച്ച് നിരന്തരം പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ കാറ്ററിങ് കമ്പനികളെ ഉൾപ്പെടുത്തി ഐആർസിടിസി പരിഷ്കരണം നടപ്പാക്കുന്നത്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിന്ദാവൻ ഫുഡ് പ്രൊഡക്റ്റിനായിരുന്നു കേരളത്തിലെയും തമിഴ്നാട്ടിലെയും വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിന്റെ ചുമതല. എന്നാൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നിരന്തരം പരാതികൾ ഉയർന്നതോടെ കരാർ റദ്ദാക്കിയിരുന്നു. കൊച്ചി കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്ഥാപനവുമായുള്ള കരാർ റദ്ദാക്കിയത്.
ദക്ഷിണ റെയിൽവെയുടെ നടപടി ചോദ്യം ചെയ്ത് സ്ഥാപനം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ റെയിൽവെ അധികൃതർ സമർപ്പിച്ച തെളിവുകൾ പരിഗണിച്ച കോടതി കരാർ റദ്ദാക്കിയ തീരുമാനം അംഗീകരിക്കുകയും ചെയ്തു. പിന്നാലെയാണ് പുതിയ കാറ്ററിങ് കമ്പനികളെ ട്രെയിനിൽ ഭക്ഷണ വിതരണത്തിനായി കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. സങ്കൽപ് റിക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എഎസ് സെയിൽസ് കോർപ്പറേഷൻ എന്നിവയ്ക്കാണ് പുതിയ കരാർ നൽകിയിരിക്കുന്നത്. തിരുവനന്തപുരം-മംഗലാപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയിലാണ് ഈ സ്ഥാപനങ്ങൾക്ക് ഭക്ഷണ വിതരണത്തിനുള്ള ചുമതല.



