ജാതി സെൻസസ്: 10 ദിവസം അവധി! സർക്കാർ-എയ്ഡഡ് സ്കൂളുകൾക്കെല്ലാം അവധി ബാധകം…

ജാതി സർവേ പൂർത്തിയാക്കുന്നതിനായി സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് ഒക്ടോബർ 8 മുതൽ 18 വരെ അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ. അധ്യാപക സംഘടനകളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് അവധി തീരുമാനമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. അധ്യാപക സംഘടനകൾ സർവേ പൂർത്തിയാക്കാൻ 10 ദിവസത്തെ അധിക സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക സർവേയായ ജാതി സെൻസസ്, സെപ്റ്റംബർ 22 ന് ആരംഭിച്ചെങ്കിലും പല ജില്ലകളിലും പ്രക്രിയ ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് അവധി നീട്ടിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇന്ന് വിധാൻ സൗധയിൽ ചേർന്ന അവലോകന യോഗത്തിൽ സർവേയുടെ പുരോഗതി വിലയിരുത്തി. ശേഷമാണ് സ്കൂളുകൾക്ക് 10 ദിവസം അവധി പ്രഖ്യാപിച്ചത്.



