25 കോടി അടിക്കാൻ പോകുന്ന ആ ഭാഗ്യവാൻ…; ഇനി മണിക്കൂറുകൾ മാത്രം ബാക്കി..

കേരള ഭാഗ്യക്കുറി വകുപ്പിൻറെ മാറ്റിവച്ച തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പും, പൂജാ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിൻറെ പ്രകാശനവും നാളെ നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പൂജാ ബമ്പർ ടിക്കറ്റിൻറെ പ്രകാശനവും ശേഷം തിരുവോണം ബമ്പർ നറുക്കെടുപ്പും നിർവഹിക്കും. ആൻറണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും. വി കെ പ്രശാന്ത് എംഎൽഎ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവർ സന്നിഹിതനായിരിക്കും.
കഴിഞ്ഞ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജൻറുമാരുടെയും വിൽപ്പനക്കാരുടെയും അഭ്യർഥന പരിഗണിച്ച് ഈ മാസം നാലിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വർഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്.
രണ്ടാം സ്ഥാനം തൃശ്ശൂർ ജില്ലയ്ക്കാണ് , 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജൻസികൾ വഴി വില്പന നടന്നു. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു.



