അതിശയം തന്നെ.. ഒന്നും രണ്ടുമല്ല, കേരളത്തിന് ചുറ്റും രൂപപ്പെട്ടത് 18 ന്യൂനമർദ്ദങ്ങൾ.. ആറെണ്ണം തീവ്രം, ഒന്ന് അതിതീവ്രവും…
കാലവർഷത്തിൽ കേരളത്തിന് ചുറ്റുമുള്ള കടലിലും കരയിലും രൂപപ്പെട്ടത് 18 ന്യൂനമർദ്ദങ്ങളായിരുന്നു എന്ന് കണക്ക്. ഇതാണ് ഇത്തവണത്തെ കാലവർഷത്തെ മെച്ചപ്പെട്ടതാക്കാൻ കാരണമായത്. കാലാവസ്ഥ വിഭാഗത്തിന്റെ കണക്ക് പ്രകാരം ജൂൺ മാസം മുതൽ സെപ്തംബർ മാസം വരെയുള്ള കാലവർഷ സീസണിൽ ബംഗാൾ ഉൾകടലിലും അറബികടലിലും കരയിലുമായി ഇത്തവണ രൂപപ്പെട്ടത് 18 ന്യുന മർദ്ദങ്ങളാണെന്ന് കാലാവസ്ഥ വിദഗ്ധനായ രാജീവ് എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഇതിൽ 6 എണ്ണം തീവ്ര ന്യൂനമർദ്ദമായും ഒരെണ്ണം അതിതീവ്ര ന്യൂനമർദ്ദമായെന്നും അദ്ദേഹം വിവരിച്ചു. സാധാരണ ഗതിയിൽ കാലവർഷ സീസണിൽ 15 ന്യൂനമർദ്ദങ്ങളാണ് രൂപപ്പെടാറുള്ളത്. ഇക്കുറി അധികമായി 3 എണ്ണം കൂടി രൂപപ്പെട്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.



