ഗൃഹപ്രവേശന ചടങ്ങിനെത്തിയ കുട്ടികൾ തമ്മിൽ വഴക്ക്.. മുതിർന്നവർ ഇടപെട്ടതോടെ സംഘർഷം..14 കാരന്..
നാദാപുരം വളയം കുറുവന്തേരിയിൽ ഗൃഹപ്രവേശന ചടങ്ങിനെത്തിയ ആൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കല്ലാച്ചി പയന്തോങ്ങ് സ്വദേശി നാദിലി(14)നാണ് പരിക്കേറ്റത്. മൂക്കിന് സാരമായി പരിക്കേറ്റ നാദിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഗൃഹപ്രവേശം നടക്കുന്ന വീട്ടിൽ എത്തിയ മറ്റൊരു കുട്ടിയും നാദിലുമായുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇവർ തമ്മിലുള്ള തർക്കം മുതിർന്നവർ ഏറ്റെടുത്തതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ നാദിലിന് ക്രൂരമായി മർദ്ദനമേൽക്കുകയായിരുന്നു. കുറുവന്തേരി സ്വദേശി അർഷാദ് എന്ന കുട്ടിക്കും മർദ്ദനമേറ്റതായി പരാതി ഉയർന്നിട്ടുണ്ട്. നാദിലിനെ ആദ്യം വടകര ജില്ലാ ആശുപത്രിയിലേക്കും പരിക്ക് സാരമുള്ളതായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സംഭവത്തിൽ വളയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



