തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം… നാല് പേര്‍ കസ്റ്റഡിയില്‍…
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. കുടപ്പനക്കുന്നിലും മണ്ണെന്തലയിലും കടയ്ക്കും വാഹനങ്ങൾക്കും നേരെ ഗുണ്ടകൾ ആക്രമണം നടത്തി. ഇന്നലെ വൈകീട്ടോടെയാണ് ലഹരിക്കടിമകളായ ഗുണ്ടാ സംഘം കുടുപ്പനക്കുന്നിലും മണ്ണന്തലയിലുമായി അഴിഞ്ഞാട്ടം തുടങ്ങിയത്. സംഭവത്തില്‍ നാല് പേരെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു കടയിലെത്തിയ ഗുണ്ടാസംഘം പഴം ആവശ്യപ്പെട്ടു. കൊടുത്ത പഴ പഴുത്തില്ലെന്ന് പറഞ്ഞ് കട ഉടമയെ ആക്രമിച്ചു. കട ഉടമയുടെ മുഖത്ത് പരിക്കേറ്റു. ഇതിന് ശേഷം പേരൂർക്കട സ്റ്റേഷനിലെ റൗഡി പട്ടികയിൽപ്പെട്ട രാജേഷിന്‍റെ വീട്ടിന് മുന്നിൽ വച്ച് ഗുണ്ടാസംഘം ബഹളമുണ്ടാക്കി. രാജേഷ് ഇത് ചോദ്യം ചെയ്തു.
പിന്നാലെ വീടിന് നേരെ നാടൻ പടക്കമെറിഞ്ഞു. രാജേഷിന്‍റെ സഹോദരന്‍റെ വാഹനങ്ങള്‍ അടിച്ചുപൊട്ടിച്ചു. തൊട്ട് അടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തകർത്തു. രണ്ട് കാറും മൂന്ന് ഓട്ടോയും ഒരു ബൈക്കും തകർത്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതികള്‍ ബൈക്കുകളിൽ പോയി.



