ഒമാനെതിരെ സഞ്ജു സാംസണ്‍ മുന്‍ നിരയില്‍ കളിക്കുമോ..
ഏഷ്യാ കപ്പില്‍ നാളെ ദുര്‍ബലരായ ഒമാനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. യുഎഇ, പാകിസ്ഥാന്‍ എന്നിവര്‍ക്കെതിരെ ജയിച്ച ഇന്ത്യ നേരത്തെ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. അത്ര പ്രധാനമല്ലാത്ത മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. യുഎഇക്കെിരെ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ച ഇന്ത്യ ജസ്പ്രീത് ബുമ്രയെ മാത്രമാണ് സ്‌പെഷ്യലിസ്റ്റ് പേസറായി കളിപ്പിച്ചത്. പാകിസ്ഥാനെതിരെയും ഇതേ തന്ത്രമാണ് ഇന്ത്യ പയറ്റിയത്.
ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും തുടരാനാണ് സാധ്യത. ഇവരില്‍ ആര്‍ക്കെങ്കിലും വിശ്രമം കൊടുക്കാന്‍ തീരുമാനിച്ചാല്‍ മാത്രം സഞ്ജു മുന്‍ നിരയിലേക്കെത്തും. യുഎഇക്കെതിരെ സഞ്ജുവിനെ അഞ്ചാമനായാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ഇട്ടിരുന്നത്. പാകിസ്ഥാനെതിരെ ശിവം ദുബെയെ ബാറ്റിംഗിന് ഇറക്കിയിട്ടും സഞ്ജുവിന് അവസരം നല്‍കിയില്ല. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ് കളിക്കുക. ദുര്‍ബല എതിരാളികള്‍ക്കെതിരെ സൂര്യ മൂന്നാം നമ്പറില്‍ കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചാല്‍ സഞ്ജുവിന് മൂന്നാമനായും കളത്തിലിറക്കിയേക്കാം.




