വിഴിഞ്ഞം-ബാലരാമപുരം ഭൂ​ഗർഭ റയിൽ: ജനുവരിയിൽ നിർമ്മാണം തുടങ്ങും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായുള്ള റയിൽപാതയുടെ നിർമ്മാണം 2026 ജനുവരിയിൽ തുടങ്ങുമെന്ന് റിപ്പോർട്ട്. 1482 കോടി രൂപ നിർമ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2028 ഡിസംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റയിൽപാതയുടെ നിർമാണത്തിനുള്ള ടെൻഡർ തയ്യാറാക്കുന്ന സാങ്കേതികസമിതി അടുത്തയാഴ്ച്ച ടെൻഡറിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും മറ്റും വിലയിരുത്തിയ ശേഷം ഒക്‌ടോബർ ആദ്യവാരം ടെൻഡർ പ്രസിദ്ധീകരിക്കും.

ടെൻഡർ പ്രസിദ്ധീകരിച്ച് മൂന്നുമാസത്തിനുള്ളിൽ ടെൻഡറിന്റെ സാങ്കേതികവശങ്ങൾ പരിശോധിച്ച് നിർമാണക്കമ്പനിയെ തീരുമാനിക്കും. ജനുവരിയിൽ ഭൂഗർഭ തീവണ്ടിപ്പാതയുടെ നിർമാണം തുടങ്ങാമെന്നാണ് പ്രതീക്ഷ. 36 മാസത്തെ നിർമാണക്കാലയളവിലാണ് ടെൻഡർ ക്ഷണിക്കുകയെന്നാണ് സൂചന. 2028 ഡിസംബറിൽ തീവണ്ടിപ്പാത പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പൂർണമായ നിർമാണച്ചുമതല (എൻജിനിയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) നൽകുന്ന രീതിയിലായിരിക്കും ടെൻഡർ നൽകുക.

കൊങ്കൺ റെയിൽവേക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്കായി(വിസിൽ) ഭൂഗർഭ റെയിൽപ്പാത നിർമാണത്തിന്റെ ചുമതല. 10.7 കിലോമീറ്റർ റെയിൽപ്പാതയുടെ 9.02 കിലോമീറ്ററും ഭൂമിക്കടിയിലൂടെയായിരിക്കും. തുറമുഖത്തുനിന്ന് കണ്ടെയ്‌നറുകൾ തീവണ്ടിമാർഗം ബാലരാമപുരത്ത് എത്തിച്ച് തിരുവനന്തപുരം-കന്യാകുമാരിപ്പാതയിലെ റെയിൽവേ ലൈനുമായാണ് ബന്ധിപ്പിക്കുന്നത്.

ബാലരാമപുരത്ത് റെയിൽവേതന്നെ വിസിലിനായി യാർഡും നിർമിക്കും. കൂടാതെ സ്റ്റേഷൻ വികസിപ്പിച്ച് സിഗ്‌നലിങ് സ്റ്റേഷനാക്കിയും മാറ്റും. ഇതിനായി റെയിൽവേയ്ക്ക് വിസിൽ 243 കോടി രൂപയും കൈമാറിയിട്ടുണ്ട്. രണ്ട് ചരക്കുതീവണ്ടികൾക്ക് പാർക്ക് ചെയ്യാവുന്ന വിധത്തിലാണ് യാർഡ് നിർമിക്കുക. തുരങ്കപാത നിർമാണം പൂർത്തിയാകുന്ന സമയത്തുതന്നെ റെയിൽവേ സ്റ്റേഷൻ വികസനവും സാധ്യമാകുമെന്നാണ് വിലയിരുത്തൽ.

കൂടുതൽ പാരിസ്ഥിതികപ്രശ്‌നങ്ങൾ സൃഷ്ടിക്കാത്തതും വേഗത്തിൽ നിർമാണം പൂർത്തിയാക്കുന്നതുമായ ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് എന്ന സാങ്കേതികവിദ്യയായിരിക്കും ഉപയോഗിക്കുക. വിഴിഞ്ഞം-ബാലരാമപുരം റോഡിനു സമാന്തരമായാണ് തീവണ്ടിപ്പാതയും വിഭാവനംചെയ്തിരിക്കുന്നത്. തറനിരപ്പിൽനിന്ന് 15മുതൽ 30 മീറ്റർവരെ താഴ്ചയിലായിരിക്കും പാത കടന്നുപോവുക.

വിഴിഞ്ഞം-ബാലരാമപുരം ഭൂ​ഗർഭ റയിൽപാതയ്ക്കായി 6.04 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചൽ, വിഴിഞ്ഞം വില്ലേജുകളിൽനിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. വിഴിഞ്ഞം വില്ലേജിൽനിന്നും 2.04 ഏക്കർ സ്ഥലമാണ് പ​ദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.

Related Articles

Back to top button