ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി ഇന്ന് ലോക്സഭയിൽ സംസാരിക്കും
ഓപ്പറേഷൻ സിന്ദൂറിൽ ലോക്സഭയിൽ നടക്കുന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിലപാട് അറിയിച്ചേക്കും. ഇന്നലെ ലോക്സഭയിൽ നടന്ന ചർച്ചയിൽ ഇന്ത്യ പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തള്ളിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഇന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.
ചർച്ചയുടെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് സൂചന. ട്രംപിന്റെ ഇടപെടലുണ്ടായോ എന്ന കാര്യത്തിൽ പ്രധാനമന്ത്രി നേരിട്ട് വ്യക്തത വരുത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പഹൽ ഗാം ഭീകരാക്രമണത്തിന് പിന്നിൽ സുരക്ഷാ വീഴ്ചയാണെന്നും അതിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഉണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് പൗരന്മാർക്കുള്ള വീസ നിയന്ത്രണം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ഇന്നലെ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയിൽ ഇന്ത്യ ഈ വിഷയത്തിൽ ശക്തമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 193 രാജ്യങ്ങളാണ് ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായുള്ളത്. ഇതിൽ പാകിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിനെ എതിർത്തത്.
ഓപ്പറേഷൻ സിന്ദൂറിനിടെ മോദിയും ട്രംപും തമ്മിൽ സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം മധ്യസ്ഥ ചർച്ചകൾ നടന്നിട്ടില്ലെന്ന് ആവർത്തിച്ചു. ഏപ്രിൽ 22 നും ജൂൺ 17നുമിടയിൽ മോദിയും ട്രംപും തമ്മിൽ സംസാരിച്ചിട്ടില്ല. മെയ് 9 ന് യുഎസ് വൈസ്പ്രസിഡൻ്റ് ജെ ഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയിരിക്കുമെന്ന് മോദി അദ്ദേഹത്തോട് വ്യക്തമാക്കിയതാണ്. അതാണ് യാഥാർത്ഥ്യമായതെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.



