വളളംമറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി.. ഒപ്പമുണ്ടായിരുന്ന നാലുപേർ..

മീൻപിടിത്തത്തിനുപോയ വളളം തിരയടിച്ച് മറിഞ്ഞ് കടലിൽ വീണുപോയ മത്സ്യത്തൊഴിലാളികളിൽ ഒരാളെ കാണാതായി. വളളത്തിലുണ്ടായിരുന്ന ബാക്കി നാലുപേരും നീന്തി രക്ഷപ്പെട്ടു. മറിഞ്ഞ വളളവും തകർന്നു .
വെട്ടുകാട് തൈവിളാകത്ത് ടിസി 80/816 ൽ പരേതനായ ആൻഡ്രൂവിന്റെയും ആനിയുടെയും മകനായ അനിൽ ആൻഡ്രൂ(36) വിനെ ആണ് വെട്ടുകാട് ഭാഗത്തെ കടലിൽ കാണാതായത്. വളളത്തിലുണ്ടായിരുന്ന ജോൺസൺ, വർഗീസ്, ജോബിൻ, പേർളി എന്നിവരാണ് രക്ഷപ്പെട്ടത്. വെളളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടമെന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസ് പറഞ്ഞു.

ജോയ് മാർക്കോസിന്റെ വളളത്തിലായിരുന്നു വെട്ടുകാട് ഭാഗത്ത് നിന്ന് മീൻപിടിത്തത്തിനു ഇവർ പുറപ്പെട്ടത്. തീരത്ത് നിന്ന് രണ്ട് കിലോമീറ്ററോളം ദൂരത്തെത്തിയപ്പോഴുണ്ടായ ശക്തമായ തിരയിൽപ്പെട്ട് ഇവരുടെ വളളം മറിയുകയായിരുന്നു. കാണാതായ അനിൽ ആൻഡ്രുവടക്കമുളള അഞ്ചുപേരും കരയിലേക്ക് നീന്തിയെങ്കിലും വഴിക്ക് അനിലിനെ കാണാതാവുകയായിരുന്നു. സംഭവത്തെ തുടർന്ന് കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റും വെട്ടുകാട് ഭാഗത്തെ മത്സ്യത്തൊഴിലാളികളും അനിലിനായി തിരച്ചിൽ നടത്തിയിരുന്നു. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു. കടലിൽ കാണാതായ തൊഴിലാളിയെ കണ്ടെത്തുന്നതിന് കോസ്റ്റുഗാർഡിന്റെയും നാവിക സേനയുടെയും സഹായം വേണമെന്ന് സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു

Related Articles

Back to top button