സിപിഐഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം.. എന്തിനെന്നോ?…
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ പരിഹസിച്ച സിപിഐഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. വീണ ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ലോക്കല്‍ കമ്മിറ്റി അംഗത്തിനും ഏരിയ കമ്മിറ്റി അംഗത്തിനുമെതിരെയാണ് പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുണ്ടായത്.
പോസ്റ്റ് ഇട്ട ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവനോട് പാര്‍ട്ടി വിശദീകരണം തേടും. മന്ത്രിയെ വിമര്‍ശിച്ച ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി ജെ യോട് ഏരിയ കമ്മിറ്റി വിശദീകരണം തേടാനുമാണ് തീരുമാനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും വിമര്‍ശനം.
കൂടുതല്‍ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു ജോണ്‍സണ്‍ പിജെ പറഞ്ഞത്. ഒരു എംഎല്‍എയായി ഇരിക്കാന്‍ പോലും മന്ത്രിക്ക് അര്‍ഹതയില്ലെന്നും എല്‍സി അംഗം പറഞ്ഞു. എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍ പിജെ. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ കൂടിയായ എന്‍ രാജീവ് പരോക്ഷമായി വിമര്‍ശിച്ചത്. സ്‌കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദന വരുമെന്നും വയറുവേദന എന്ന് പറഞ്ഞ് വീട്ടില്‍ ഇരിക്കുമെന്നുമായിരുന്നു രാജീവ് പരിഹസിച്ചത്. ഒത്താല്‍ രക്ഷപ്പെട്ടു എന്നാണ് അവസ്ഥയെന്നും എന്‍ രാജീവ് പറഞ്ഞു.