‘ഞാനാണ് അത് ചെയ്തത്… ബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടി’…

സ്‌കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ കത്തിച്ച് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി. ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് പൊലീസിന് മുന്നിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. 1998നും 2014നും ഇടയിലായിരുന്നു സംഭവം.

സംഭവത്തിൽ പശ്ചാത്താപം തോന്നിയതുകൊണ്ടും ഇരകൾക്ക് നീതി ലഭിക്കണമെന്നതുകൊണ്ടുമാണ് ഇപ്പോൾ ഇക്കാര്യം തുറന്നുപറയുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ധർമ്മസ്ഥലയിലെയും പരിസര പ്രദേശങ്ങളിലെയും ബലാത്സംഗത്തിനിരയായ സ്‌കൂൾ വിദ്യാർഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കത്തിച്ച് കുഴിച്ചുമൂടിയതെന്ന് ഇയാൾ ദക്ഷിണ കന്നഡ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ധർമസ്ഥല പൊലീസ് പറഞ്ഞു. തന്റെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന ആവശ്യപ്പെട്ട അദ്ദേഹം തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ കുഴിച്ചുമൂടിയതിന്റെ ഫോട്ടോകളും അദ്ദേഹം പൊലീസിന് നൽകി.

താൻ കുഴിച്ചിട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ പുറത്തെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പതിനൊന്ന് വർഷം മുൻപ് കുടുംബത്തോടൊപ്പം ധർമ്മസ്ഥല വിട്ടതായും ദിവസവും കൊല്ലപെടുമെന്ന ഭയം തന്നെ വേട്ടയാടിയതായും അദ്ദേഹം പറയുന്നു. ‘ദലിത് കുടുംബത്തിൽ ജനിച്ച ഞാൻ 1995 മുതൽ 2014 ഡിസംബർ വരെ ധർമ്മസ്ഥല ക്ഷേത്രത്തിന് കീഴിൽ ഒരു ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. അതിനുമുൻപ് അതിന്റെ പരിസര പ്രദേശങ്ങളിലും ഈ ജോലി ചെയ്തിരുന്നു. ശുചീകരണ ജോലിയുടെ തുടക്കത്തിൽ താൻ നിരവധി മൃതദേഹങ്ങൾ കണ്ടു, അവ ആത്മഹത്യ ചെയ്തതോ ആകസ്മികമായി മുങ്ങിമരിച്ചതോ ആണെന്നാണ് കരുതിയത്. മൃതദേഹങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളുടേതായിരുന്നു, മിക്കവയും വസ്ത്രങ്ങളില്ലാത്തവ. ചില മൃതദേഹങ്ങളിൽ ലൈംഗികാതിക്രമത്തിന്റെയും കഴുത്ത് ഞെരിച്ചതിന്റെയും മറ്റ് മുറിവുകളുടെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നു. 1998ൽ, എന്റെ സൂപ്പർവൈസർ മൃതദേഹങ്ങൾ രഹസ്യമായി സംസ്‌കരിക്കാൻ എന്നോട് നിർദ്ദേശിച്ചു. ഞാൻ വിസമ്മതിക്കുകയും പോലീസിൽ റിപ്പോർട്ട് ചെയ്യുമെന്ന് പറയുകയും ചെയ്തപ്പോൾ, ക്രൂരമായി ആക്രമിക്കപ്പെട്ടു,’ അദ്ദേഹം പരാതിയിൽ പറഞ്ഞു.

Related Articles

Back to top button