പരിശ്രമിച്ചീടുകിൽ എന്തിനേയും വശത്തിലാക്കാമെന്ന് തെളിയിച്ച് യദു… മാവേലിക്കരക്ക് റാങ്ക് തിളക്കം….
മാവേലിക്കര- ഇത് ആറാം തവണയാണ് യദു സിവിൽ സർവ്വീസ് പരീക്ഷ എഴുതിയത്. 2022ൽ അഭിമുഖത്തിൽ പങ്കെടുത്തങ്കിലും ലിസ്റ്റിൽ വന്നില്ല. ഒടുവിൽ ആറാം തവണ ലക്ഷ്യം നേടിയിരിക്കുകയാണ്. കുന്നം കളിപ്പറമ്പിൽ വടക്കതിൽ വീട്ടിൽ ബി രാജന്റെയും ജിജിയുടെയും മകൻ യദു.കെ രാജന് (29) 785-ാം റാങ്കോടെയാണ് സിവിൽ സർവീസ് എന്ന മോഹം യാഥാർത്യമാക്കിയിരിക്കുന്നത്.

മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസിൽ നിന്നും പ്ലസ്ടു പാസ്സായി ശേഷം പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തിരുവനന്തപുരത്താണ് സിവിൽ സർവീസ് പരിശീലനം നേടിയത്. റാങ്ക് അനുസരിച്ചുള്ള തസ്തികയാണ് സ്വീകരിക്കുന്നതെങ്കിലും ഐ.എ.എസ് നേടാൻ ശ്രമിക്കുമെന്ന് യദു പറഞ്ഞു.
അച്ഛൻ രാജൻ എൽ.ഐ.സി ഏജന്റാണ്. സഹോദരൻ അമൽ കൺസ്ട്രക്ഷൻ മേഖയിൽ ജോലി ചെയ്യുന്നു. എം.എസ് അരുൺകുമാർ എം.എൽ.എ യദുവിൻ്റെ വീട്ടിലെത്തി അനുമോദിച്ചു. മുരളി തഴക്കര, എസ്.ശ്രീകുമാർ, കെ.രഘുപ്രസാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.



