റാണ സംഗ രാജ്യദ്രോ​ഹി…സമാജ്‌വാദി പാർട്ടി നേതാവിനെ കൊല്ലുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു സംഘടനാ നേതാവ്..

സമാജ്‌വാദി പാർട്ടി എംപി രാംജി ലാൽ സുമനെ കൊല്ലുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു സംഘടനാ നേതാവ്. മോഹൻ എന്ന ഹിന്ദു നേതാവാണ് രാംജി ലാൽ സുമനെ കൊല്ലുന്നവർക്ക് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ രജപുത്ര ഭരണാധികാരി റാണ സംഗയെക്കുറിച്ച് രാംജി ലാൽ സുമൻ കഴിഞ്ഞയാഴ്ച നടത്തിയ പരാമർശമാണ് ഹിന്ദു സംഘടനാ നേതാവിനെ പ്രകോപിതനാക്കിയത്. ഉത്തർപ്രദേശിലെ അലിഗഡിലെ ഹിന്ദു നേതാവാണ് മോ​ഹൻ.

രാജ്യസഭയിൽ നടന്ന ഒരു ചർച്ചയ്ക്കിടെയാണ് സമാജ്‌വാദി പാർട്ടി നേതാവ് റാണ സംഗയെ “രാജ്യദ്രോഹി” എന്ന് പരാമർശിച്ചത്. മുഗൾ ഭരണാധികാരി ബാബറിനെ ഇന്ത്യ ആക്രമിക്കാൻ റാണ സംഗ ക്ഷണിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി. സുമനെ കൊല്ലുന്ന ആർക്കും തന്റെ സംഘടന 25 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദു നേതാവ് മോഹൻ വീഡിയോയിൽ പറയുന്നു.

“അവന്റെ അപമാനം ഞങ്ങൾ സഹിക്കില്ല. മഹാറാണ സംഗ ഒരു ധീരനായിരുന്നു, ശരീരത്തിൽ 80 മുറിവുകളുണ്ടായിരുന്നു, ഒരു കാലും ഒരു കൈയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഒരു കണ്ണും നഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും, അദ്ദേഹം യുദ്ധത്തിൽ പോരാടുന്നത് തുടർന്നു. നമ്മുടെ ചരിത്രത്തെയോ സമൂഹത്തെയോ അപമാനിക്കുന്ന ആരെയും ഞങ്ങൾ വെറുതെ വിടില്ല. അതിനാൽ, റാംജി ലാൽ സുമനെ കൊല്ലുന്നയാൾക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു,” മോഹൻ വീഡിയോയിൽ പറഞ്ഞു.

“എന്തെങ്കിലും വിധത്തിൽ നമ്മളിൽ ആരെങ്കിലും അയാളെ കണ്ടാൽ, ഞങ്ങൾ അയാളെ വെടിവെച്ചുകൊല്ലും. ഞങ്ങളുടെ പ്രതിജ്ഞയിൽ ഞങ്ങൾ ഉറച്ചുനിൽക്കും. അയാൾ മാപ്പ് പറയണം, അല്ലെങ്കിൽ അയാൾ കൊല്ലപ്പെടും,” മോഹൻ കൂട്ടിച്ചേർത്തു. മാർച്ച് 22 ന് രാജ്യസഭയിൽ സംസാരിക്കുന്നതിനിടെയാണ് റാംജി ലാൽ സുമൻ വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യൻ മുസ്ലീങ്ങളുടെ ചരിത്രപരമായ വംശപരമ്പരയെക്കുറിച്ചുള്ള ബിജെപിയുടെ പ്രസ്താവനകളെ എതിർക്കുന്നതിനിടെയാണ് സുമൻ റാണ സംഗയെ അദ്ദേഹം “രാജ്യദ്രോഹി” എന്ന് വിളിച്ചത്.

“ബിജെപി നേതാക്കൾ പലപ്പോഴും മുസ്ലീങ്ങൾക്ക് ബാബറിന്റെ ഡിഎൻഎ ഉണ്ടെന്ന് അവകാശപ്പെടുന്നു. എന്നാൽ ഇന്ത്യൻ മുസ്ലീങ്ങൾ ബാബറിനെ അവരുടെ ആദർശമായി കണക്കാക്കുന്നില്ല. വാസ്തവത്തിൽ, ബാബറിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ആരാണ്? ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്താൻ അദ്ദേഹത്തെ ക്ഷണിച്ചത് റാണ സംഗയാണ്. ആ യുക്തി അനുസരിച്ച്, മുസ്ലീങ്ങൾ ബാബറിന്റെ പിൻഗാമികളാണെന്ന് നിങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ ഒരു രാജ്യദ്രോഹിയായ റാണ സംഗയുടെ പിൻഗാമികളാണ്. – എന്നായിരുന്നു സുമന്റെ പ്രസം​ഗം.

Related Articles

Back to top button