ഗ്രാമ്പിയിലെ കടുവയുടെ പരുക്ക് കുരുക്കിൽ വീണതിനാലെന്ന് സംശയം…
ഇടുക്കി വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയുടെ പരിക്ക് വീണതിനാൽ എന്ന് സംശയം. കടുവ നിലവിൽ തീർത്തും അവശനായെന്നും വെറ്റിനറി ഡോക്ടർ നേരിട്ട് എത്തി പരിശോധിക്കുമെന്നും എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാൽ പറഞ്ഞു.

വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് കടുവയിറങ്ങിയത്. ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം കടുവ പ്രദേശത്തുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പിന്നാലെ കടുവയെ കണ്ട വിവരം നാട്ടുകാർ വനംവകുപ്പിൽ അറിയിച്ചിരുന്നു, എന്നാൽ വനംവകുപ്പ് എത്തുന്നതിന് മുൻപ് കടുവ കാടുകയറി.

ഒരു വർഷത്തോളമായി മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചു കൊന്നിട്ടുണ്ട്. പിന്നാലെ കൂട് സ്ഥാപിച്ചു കടുവയെ പിടികൂടണം എന്ന ആവശ്യം ഉയർന്നു. പരുന്തുംപാറ, വെടികുഴി തുടങ്ങിയ പ്രദേശങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഒരാഴ്ച മുൻപ് വള്ളക്കടവിലും നാട്ടുകാർ കടുവയെ കണ്ടിരുന്നു.


