ജോലിക്ക് പോകാൻ മുറിയിൽ കയറി കതകടച്ചു…ഏറെ നേരത്തിന് ശേഷം ജനൽ ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോൾ കണ്ടത്…
ജില്ലാ ജയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയില്ലെന്ന് പൊലീസ്. ആറയൂർ കൊറ്റാമം ഷിബിൻ കോട്ടേജിൽ വൈ. ഷിബിൻ (34) ആണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് ജോലിക്ക് പോകുന്നതിനായി വീട്ടിനുള്ളിലെ ബെഡ് റൂമിൽ കയറിയ ഇയാൾ ഏറെ സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജനൽ ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പാറശാല പൊലീസ് മേൽനടപടി സ്വീകരിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിൽ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സർജന്റെ നിരീക്ഷണം. ഇതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസും. ബന്ധുക്കളുമായി സംസാരിച്ചതിലും സംശയാസ്പദമായി ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല. വിശദമായി മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം സംസ്കരിച്ചു. ഭാര്യ – അഞ്ചു. മക്കൾ – അഭിനവ്, ആർദ്ര.