വണ്ടിയിലെ ഇന്ധനം യാത്രമദ്ധ്യേ തീർന്നു…നാല് കുട്ടികളെ കനാലിൽ എറിഞ്ഞ ശേഷം യുവതി സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു…
യുവതി നാല് കുട്ടികളെ കനാലിലെറിഞ്ഞ ശേഷം അതേ കനാലിൽ തന്നെ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിൽ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ മത്സ്യബന്ധന തൊഴിലാളികൾ രക്ഷപ്പെടുത്തി.കർണാടകയിലെ വിജയപുരയിലാണ് സംഭവം. നിദഗുണ്ഡി താലൂക്കിലാണ് യുവതി കുട്ടികളെ കനാലിൽ എറിഞ്ഞ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതിൽ അഞ്ച് വയസ്സുകാരിയായ തനുശ്രീയുടെയും മൂന്ന് വയസ്സുള്ള സുരക്ഷയുടെയും മൃതദേഹം ലഭിച്ചു. ഇരട്ട കുട്ടികളായ പതിമൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്കായുള്ള തിരച്ചിൽ നടന്നു വരികയാണ്.
നിംഗരാജു ഭജൻത്രി എന്നയാളുടെ ഭാര്യയായ ഭാഗ്യശ്രീ ഭജൻത്രി ആണ് കുട്ടികളെ കനാലിൽ എറിഞ്ഞത്. കടബാധ്യത മൂലം ഭർത്താവുമായിയുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് ഇവർ കുട്ടികളെ വെള്ളത്തിലേക്ക് എറിഞ്ഞ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.
ഭർത്താവായ നിംഗരാജു ഭജൻത്രി വലിയ തുക ലോണെടുത്തിരുന്നു. ഇത് അടയ്ക്കാനായി ഇയാൾ പിതാവിനോട് സ്വത്ത് വീതിച്ച് നൽക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് നൽക്കാതെ വന്നപ്പോൾ ഭാഗ്യശ്രീയെ ഇയാൾ കുറ്റപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ ബൈക്കിൽ കുട്ടികളെയും കൂട്ടി യാത്ര ചെയ്യവെ വണ്ടിയിലെ ഇന്ധനം കനാലിന് സമീപം വെച്ച് തീർന്നു പോവുകയായിരുന്നു. ഭാഗ്യശ്രീയെയും കുട്ടികളെയും കനാലിനടുത്ത് നിർത്തിയ ശേഷം നിംഗരാജു ഇന്ധനം വാങ്ങാൻ പോയപ്പോഴാണ് ഭാഗ്യശ്രീ നാല് കുട്ടികളെയും കനാലിൽ എറിഞ്ഞ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവർക്കെതിരെ പൊലീസ് കൊലകുറ്റത്തിന് കേസെടുത്തിട്ടുണ്ട്.