റിപ്പബ്ലിക് ദിനം കേരളത്തില്‍ കോണ്‍ഗ്രസ് അംബേദ്കര്‍ ദിനമായി ആചരിക്കുമെന്ന് സുധാകരൻ..

ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍.അംബേദ്കറുടെ സംഭാവനകളെ തമസ്‌കരിച്ച് ചരിത്രം വളച്ചൊടിക്കാന്‍ അമിത് ഷായും ബിജെപിയും ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബി.ആര്‍.അംബേദ്കര്‍ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച് ‘ജയ് ഭീം അംബേദ്കര്‍ സമ്മേളനം’സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പ്രസ്താവനയ്ക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്തതിനുമെതിരെ തലശേരി ടൗണില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശനത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും കയ്യേറ്റം ചെയ്തത് ബിജെപി എംപിമാരാണ്. അതിനുശേഷം ബിജെപി എംപിമാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി കൊടുത്തു.രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാനാണ് കൂറെ കാലങ്ങളായി ബിജെപി ശ്രമിക്കുന്നത്. അങ്ങനെ ബിജെപി ശ്രമിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല രാഹുല്‍ ഗാന്ധി. അംബേദ്കറെ അധിക്ഷേപിച്ചതിനെതിരെ രാജ്യത്തുയര്‍ന്ന ജനരോഷത്തിലെ ശ്രദ്ധ തിരിച്ച് അമിത് ഷായെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വ്യാജ ആരോപണം ഉന്നയിച്ചതെന്ന് കെ.സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button